‘ആരോഗ്യം ആനന്ദം’ സംസ്ഥാനതല ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ക്യാമ്പയിൻ ആണിത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ സർക്കാരിന് സാധിച്ചുവെന്നും തൊഴിൽപരമായ പുരോഗതിയിലൂടെ ഈ മേഖലയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്താൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ 2016 മുതൽ കേരളത്തിലെ ആരോഗ്യരംഗത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ്, നിപ്പ തുടങ്ങിയ മഹാമാരികൾ ഉയർത്തിയ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രത്യേക ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്.
ഇതിന്റെ ഭാഗമായി അവയവദാന ശസ്ത്രക്രിയ ഉൾപ്പെടെയുള്ള അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് പ്രാപ്യമാകുന്ന രീതിയിൽ സർക്കാർ ആശുപത്രികളിൽ സജ്ജമാക്കാനാണ് ശ്രമിക്കുന്നത്. കൂടാതെ സർക്കാർ ആശുപത്രികളിലും ക്യാൻസർ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് ജീവനക്കാർക്കായി കായിക വകുപ്പ് തയ്യാറാക്കിയ ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു.
















