മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ മൂന്നര വയസ്സുള്ള മകനെയും കൊണ്ട് യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി. ബുധനാഴ്ച ലിംബാരയി ഗ്രാമത്തിന് സമീപമുള്ള ദാരാഡെ വസ്തി പ്രദേശത്താണ് സംഭവം നടന്നത്.
ബുധനാഴ്ച രാവിലെയാണ് പ്രജക്ത രാമേശ്വർ ദരാസെ (23) എന്ന യുവതി മകൻ വേദാന്തിനെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. ഏകദേശം 300 മീറ്റർ അകലെയുള്ള കിണറ്റിൽ ചാടിയാണ് ഇവർ ആത്മഹത്യ ചെയ്യുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ഇരുവരെയും കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ് പോലീസ് സംഘം ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ഉച്ചയോടെ പ്രജക്തയുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെടുത്തു. എന്നാൽ, കിണറ്റിൽ ധാരാളം വെള്ളം ഉണ്ടായിരുന്നതിനാൽ കുട്ടിയുടെ മൃതദേഹം കണ്ടെത്താനായില്ല.
തുടർന്ന്, കിണർ വറ്റിക്കുന്നതിനായി നാലിലധികം ഇലക്ട്രിക് പമ്പുകൾ ഉപയോഗിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വെള്ളം പൂർണ്ണമായി വറ്റിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. അപ്പോഴേക്കും രാത്രിയായിരുന്നു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
















