വയനാട് ജില്ലയിലെ മേപ്പാടിയിൽ ആത്മീയ ചികിത്സയുടെ പേരിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിലായി. നിരവധി സാമ്പത്തികത്തട്ടിപ്പ് കേസുകളിലും ആയുധ നിയമപ്രകാരമുള്ള കേസുകളിലും പ്രതിയായ ഇയാളെ കണ്ണൂർ ജില്ലയിലെ ആലക്കോടുനിന്നാണ് പോലീസ് പിടികൂടിയത്.
കട്ടിപ്പാറ, ചെന്നിയാർമണ്ണിൽ വീട്ടിൽ അബ്ദുറഹിമാൻ (51) ആണ് മേപ്പാടി പോലീസിന്റെ പിടിയിലായത്. അസുഖം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ യുവതിയെ കോട്ടപ്പടിയിലെ ഒരു ഹോം സ്റ്റേയിൽ എത്തിച്ചത്.
2024 ഒക്ടോബർ എട്ടിനാണ് യുവതിയെ ഇയാൾ ബലാത്സംഗം ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിലുണ്ട്.
അബ്ദുറഹിമാനെതിരെ മുൻപും നിരവധി ഗുരുതരമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തളിപ്പറമ്പ്, വൈത്തിരി പോലീസ് സ്റ്റേഷനുകളിലും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
അനധികൃതമായി ആയുധം കൈവശം വെക്കൽ, സാമ്പത്തിക തട്ടിപ്പ് കേസുകൾ എന്നിവയ്ക്ക് പുറമേ ആയുധനിയമം, സ്ഫോടകവസ്തു നിയമം പ്രകാരമുള്ള കേസുകളിലും ഇയാൾ പ്രതിയാണ്. കൂടാതെ, കർണാടകയിലും ഇയാൾ സാമ്പത്തികത്തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു.
മേപ്പാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ. കെ.ആർ. റെമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിവിധ കേസുകളിൽ പ്രതിയായ ഇയാൾ ഒളിവിലായിരുന്ന സാഹചര്യത്തിൽ, കണ്ണൂർ ജില്ലയിലെ ആലക്കോട് വെച്ചാണ് പോലീസ് സാഹസികമായി ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കും.
















