ആലപ്പുഴ: മുസ്ലീംലീഗിനെ കടന്നാക്രമിച്ചും, വിവാദങ്ങളില്‍ നിലപാട് ആവര്‍ത്തിച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശിവഗിരിയില്‍ മാധ്യമങ്ങളുമായുണ്ടായ തര്‍ക്കം ഉള്‍പ്പെടെ വിശദീകരിച്ചാണ് വെള്ളാപ്പള്ളി ആലപ്പുഴയില്‍ മാധ്യമങ്ങളെ കണ്ടത്. തന്നെ മുസ്ലീം വിരോധിയായി ചിത്രീകരിക്കാന്‍ പലരും ശ്രമിക്കുന്നു. താന്‍ വിമര്‍ശിച്ച മുസ്ലീം ലീഗിനെയാണ്. പ്രശ്‌നാധിഷ്ഠിതമായ അഭിപ്രായങ്ങളാണ് ഞാന്‍ പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ലീഗ് ഭരണത്തില്‍ ഇരുന്നപ്പോള്‍ സാമൂഹ്യ നീതി നടപ്പാക്കിയില്ല. മലപ്പുറത്ത് മുസ്ലീം സമുദായത്തിന് മുട്ടിന് മുട്ടിന് കോളജുകള്‍ അനുവദിച്ചു. ഈഴവ സമുദായത്തിന് അനുവദിച്ചത് ഒരു എയ്ഡഡ് കോളജ് മാത്രമാണ് ലഭിച്ചത്. ലീഗ് സാമൂഹ്യ നീതി നടപ്പാക്കിയോ എന്ന് ആത്മ പരിശോധന നടത്തണം. മുസ്ലീം ലീഗ് നേതാക്കള്‍ ഈഴവര്‍ക്ക് എതിരെ മൂസ്ലീം സമുദായത്തെ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. മാറാട് കലാപം ആപര്‍ത്തിക്കാന്‍ ആണ് ലീഗിന്റെ ശ്രമം എന്നും വെള്ളാപ്പള്ളി പറഞ്ഞു.
















