വാൽപ്പാറ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. വെള്ളിയാഴ്ച പുലർച്ചെ ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാൻ വീടിന് നേരെ ആക്രമണം നടത്തി. ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്ത് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
തോട്ടം തൊഴിലാളിയായ ഗുരുസ്വാമിയുടെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ജനലുകളും വാതിലുകളും പൂർണ്ണമായും തകർന്നു. ആനയുടെ ചിഹ്നം കേട്ട് വീട്ടിലുണ്ടായിരുന്നവർ ശബ്ദമുണ്ടാക്കുകയും ഉടൻ പുറത്തേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തതിനാൽ വൻ അപകടം ഒഴിവായി.
ആക്രമണവിവരം അറിഞ്ഞ ഉടൻ പ്രദേശവാസികൾ സംഘടിച്ച് എത്തി ബഹളം ഉണ്ടാക്കിയാണ് കാട്ടാനയെ കാട്ടിലേക്ക് തുരത്തിയത്. എന്നാൽ, തുടർച്ചയായുള്ള കാട്ടാനകളുടെ സാന്നിധ്യം പ്രദേശത്ത് വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് ആനകളെ ജനവാസ മേഖലയിൽ പ്രവേശിക്കുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
















