ചേർത്തല: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ സി.പി.എം. ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നിന്നാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ ഉയർന്നത്.
വി.എസിന്റെ കുടുംബവുമായി നേതൃത്വം പ്രാഥമികമായി ബന്ധപ്പെട്ടു. ആലപ്പുഴയിലെ കായംകുളത്തോ വി.എസ്. ഒടുവിൽ പ്രതിനിധാനം ചെയ്ത മലമ്പുഴയിലോ മത്സരിപ്പിക്കാനാണ് ആലോചന. വി.എസിന്, പാർട്ടിക്കുപരി ഉണ്ടായിരുന്ന ജനപിന്തുണ അനുകൂലമാക്കുകയാണു ലക്ഷ്യം.
നിലവിൽ ഐ.എച്ച്.ആർ.ഡി. അസിസ്റ്റന്റ് ഡയറക്ടറാണ് അരുൺകുമാർ. ഡയറക്ടറുടെ താത്കാലിക ചുമതലയുമുണ്ട്. ഉയർന്ന പദവിയായതിനാൽ രാജിവെച്ചേ മത്സരിക്കാനാകൂ. സക്രിയ രാഷ്ട്രീയപ്രവർത്തനവും പാർട്ടി നിർദേശിക്കുന്നുണ്ട്.
പാർട്ടി അംഗമല്ലെങ്കിലും അരുണിനെ മത്സരിപ്പിക്കുന്നതിൽ തടസ്സമില്ല. മത്സരിച്ചാൽ വി.എസ്. ഇഫക്ട് പ്രതിഫലിക്കുമെന്നാണു പാർട്ടി കണക്കാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കുമുണ്ടായ ക്ഷീണം, ഇത്തരം ജനപക്ഷ തീരുമാനങ്ങളിലൂടെ മറികടക്കാനാകുമെന്നാണ് വിലയിരുത്തൽ.
കായംകുളത്തിനാണ് പ്രഥമ പരിഗണന. യു. പ്രതിഭ അവിടെ രണ്ടുതവണ എം.എൽ.എ.യായതിനാൽ ഇളവുനൽകിയാലേ ഇനി മത്സരിക്കാനാകൂ. 2001 മുതൽ 2016 വരെ മലമ്പുഴയിൽ നിന്നാണ് വി.എസ്. നിയമസഭയിലെത്തിയത്. വാർത്ത പ്രചരിക്കുന്നതായി കേട്ടുവെന്നും എന്നാൽ തനിക്ക് അതേക്കുറിച്ച് അറിയില്ലെന്നും അരുൺകുമാർ പ്രതികരിച്ചു. സ്ഥാനാർഥി നിർണയമടക്കമുള്ള ചർച്ച തുടങ്ങിയിട്ടില്ലെങ്കിലും നേതൃതലത്തിൽ അനൗദ്യോഗിക ചർച്ച നടക്കുന്നുണ്ട്.
















