പ്രണയം പ്രതികാരത്തിനും ഒടുവിൽ കൊലപാതകത്തിനും വഴിമാറുന്ന സംഭവങ്ങൾ ഇന്ന് നമുക്ക് അത്ര അപരിചിതമല്ല. എന്നാൽ, പതിറ്റാണ്ടുകൾക്ക് മുൻപ്, ഈ വികാരങ്ങൾ പരിചിതമായിരുന്നില്ല. ഒരു നിഷ്കളങ്ക ജീവനെ ഇല്ലാതാക്കി, നിയമസംവിധാനത്തെത്തന്നെ അമ്പരപ്പിച്ച് ഇരുപത്തിമൂന്ന് വർഷം ഇരുളിൽ മറഞ്ഞിരുന്ന ഒരു സംഭവം ഉണ്ടാക്കിലോ?
തന്നെ സ്നേഹിച്ച വ്യക്തി മറ്റൊരാളെ വിവാഹം കഴിച്ചു എന്ന ഒരൊറ്റ പകയുടെ പേരിൽ, യാതൊരു തെറ്റും ചെയ്യാത്ത ഒരു യുവതിയെ ഇല്ലാതാക്കിയ ആ ഭീകര രാത്രിയുടെ ഓർമ്മകൾ ഇന്നും അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരത്തെ വേട്ടയാടുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ നിയമസംവിധാനമുള്ള ഒരു രാജ്യത്ത്, സ്വന്തം ചെയ്തികളിൽ നിന്ന് താൻ രക്ഷപ്പെടുമെന്ന് കൊലയാളി വിശ്വസിച്ചു.
ആധുനിക സാങ്കേതികവിദ്യകൾ കാര്യമായി വളർന്നിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ നടന്ന ആ ക്രൂരകൃത്യം, കാലത്തിന്റെ കുത്തൊഴുക്കിൽ വിസ്മരിക്കപ്പെട്ടു എന്ന് പലരും കരുതി. എന്നാൽ, നീതിക്ക് വേണ്ടി നിലവിളിച്ചുകൊണ്ട്, കൊലയാളിയുടെ ഉമിനീരിന്റെ രൂപത്തിൽ ഒരു തുണ്ട് തെളിവ് 23 വർഷം ഇരുട്ടറയിൽ കാത്തിരുന്നു.
‘ഒരു കുറ്റവാളിക്കും നിയമത്തിന്റെ മുന്നിൽ എന്നെന്നും ഒളിച്ചിരിക്കാൻ കഴിയില്ല’ എന്ന അടിസ്ഥാന വിശ്വാസം യാഥാർത്ഥ്യമായപ്പോൾ, 2012-ൽ ലോകം ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞു. പ്രണയം മാംസത്തിൽ കൊത്തിയ മുറിപ്പാടുകളായി മാറിയ, ഹൃദയം പിളർക്കുന്ന ആ ദുരന്തകഥയുടെ തുടക്കം ഇങ്ങനെയായിരുന്നു…
1986 ഫെബ്രുവരി. ജോൺ റൂട്ടനും ഷെറി റാസ്മ്യൂസനും പ്രണയിനികൾ ആയിരിന്നു. കോല നടക്കുന്നതിന് വെറും മൂന്ന് മാസം മുൻപാണ് അവർ വിവാഹിതരായത്. മെക്കാനിക്കൽ എഞ്ചിനീയറായ ജോണിനും ക്രിട്ടിക്കൽ കെയർ നഴ്സിങ് ഡയറക്ടറായ ഷെറിക്കും മുന്നിൽ സുന്ദരമായ ഒരു ലോകം തുറന്നു കിടന്നു.
എന്നാൽ, ആ ജീവിതത്തിന് ഫെബ്രുവരി 24-ന് ഒരു കൊടുംങ്കാറ്റായി വിധി മുന്നിൽ വന്നു. അന്ന് ജോൺ ജോലിക്ക് പോയിരുന്നു. ഷെറി അന്ന് LEAVE ആയിരുന്നു. ജോലി കഴിഞു ജോൺ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. സ്വന്തം രക്തത്തിൽ കുളിച്ചു കിടക്കുന്ന പ്രിയതമ.
അവളുടെ ദേഹത്ത് മൂന്ന് വെടിയുണ്ടകൾ, കൈത്തണ്ടയിൽ ആഴത്തിലൊരു കടിപ്പാട്. പിറന്നാളിന് ജോൺ സമ്മാനിച്ച പുതിയ ബിഎംഡബ്ല്യു കാർ മോഷണം പോയിരുന്നു. ഇത് കവർച്ചയ്ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസും ജോണും വിശ്വസിക്കാൻ ശ്രമിച്ചു, പക്ഷേ ആ കൈത്തണ്ടയിലെ മുറിപ്പാട് എന്തോ ഒന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.
ലോസ് ആഞ്ചലസ് പോലീസ് (LAPD) കേസന്വേഷണം ആരംഭിച്ചു. അയൽവാസികളുടെ മൊഴി പ്രകാരം ചില ലാറ്റിനോ മോഷ്ടാക്കളെ പോലീസ് സംശയിച്ചു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ച് ഏറ്റവും നിർണ്ണായകമായ തെളിവ്, മൽപ്പിടുത്തത്തിനിടെ ഷെറിയുടെ കൈയിൽനിന്ന് ലഭിച്ച കൊലയാളിയുടെ ഉമിനീരായിരുന്നു.
ആധുനിക ഡിഎൻഎ പരിശോധനയ്ക്ക് സാധ്യതയില്ലാത്ത ആ കാലഘട്ടത്തിൽ, ഈ തെളിവ് ഒരു ചെറിയ കുപ്പിയിൽ ഭദ്രമായി സൂക്ഷിക്കപ്പെട്ടു. ജോണിനെ പലവട്ടം ചോദ്യം ചെയ്‌തെങ്കിലും അയാൾ നിരപരാധിയാണെന്ന് തെളിഞ്ഞു. ക്രമേണ, പ്രതികളിലേക്ക് എത്തിച്ചേരാനാകാതെ, നീതിയുടെ വെളിച്ചം കടന്നുചെല്ലാത്ത പോലീസ് സ്റ്റേഷന്റെ ഇരുണ്ട മുറിയിലേക്ക് ഷെറിയുടെ കേസ് ഫയലുകൾ മാറ്റപ്പെട്ടു. അതൊരു ‘കോൾഡ് കേസ്’ ആയി, ജോണിന്റെ വേദനകൾക്ക് മുകളിലെ നിശ്ശബ്ദമായ ഒരു കറുത്ത പാടായി മാറി.
വർഷങ്ങൾക്ക് ശേഷം. കാലം 2009-ൽ എത്തി. സാങ്കേതികവിദ്യ ലോകത്തെ മാറ്റിമറിച്ചു. LAPD-യിലെ കോൾഡ് കേസ് യൂണിറ്റിലെ ഡിറ്റക്ടീവുകളായ ജെന്നിഫറും ജിമ്മും പഴയ ഫയലുകൾ വീണ്ടും പുറത്തെടുത്തു. അപ്പോൾ ഷെറി റാസ്മ്യൂസന്റെ കേസ് അവരുടെ ശ്രദ്ധയിൽപ്പെട്ടു. വർഷങ്ങളായി പൂട്ടിയിരുന്ന ഉമിനീർ സാമ്പിൾ ആധുനിക ഡിഎൻഎ ടെസ്റ്റിന് അയച്ചു. ഫലം വന്നപ്പോൾ ഡിറ്റക്ടീവുകൾ സ്തംഭിച്ചുപോയി!
കൊലയാളി ഒരു പുരുഷനല്ല, മറിച്ച് ഒരു സ്ത്രീയാണെന്ന് ഡിഎൻഎ ഫലം ആയിരുന്നു. അതോടെ കവർച്ചാ സിദ്ധാന്തം തകർന്നു. ഈ ക്രൂരകൃത്യത്തിന് പിന്നിൽ പ്രണയത്തിന്റെയോ, വിദ്വേഷത്തിന്റെയോ, അല്ലെങ്കിൽ പകയുടെയോ തീവ്രമായ ഒരു വികാരം ഉണ്ടെന്ന് അവർ ഉറപ്പിച്ചു.
കൊലയാളി ആരാണെന്നുള്ള ചോദ്യം ജോണിന്റെ ഭൂതകാലത്തിലേക്ക് നീങ്ങി. കോളേജ് കാലത്ത് ജോണുമായി അടുപ്പത്തിലായിരുന്ന സ്റ്റെഫാനി ലാസറസ് എന്ന യുവതി. ജോൺ ഷെറിയെ വിവാഹം കഴിച്ചതിനുശേഷവും സ്റ്റെഫാനി ജോണിനെ ശല്യം ചെയ്തിരുന്നു. തന്നെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം കഴിച്ച ജോണിനോടുള്ള അടങ്ങാത്ത പകയാണ് ഷെറിയുടെ ജീവനെടുത്തതെന്ന് ഡിറ്റക്ടീവുകൾ ഊഹിച്ചു.
എന്നാൽ, ഈ കേസിനെ ഒരു ദേശീയ ഞെട്ടലിലേക്ക് നയിച്ച സത്യം മറ്റൊന്നായിരുന്നു: സ്റ്റെഫാനി ലാസറസ് LAPD-യിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്നു! 23 വർഷം മുൻപ് കൊലപാതകം നടക്കുമ്പോൾ സ്റ്റെഫാനി അതേ ഡിപ്പാർട്ട്‌മെന്റിലെ ഒരു ഓഫീസറായിരുന്നു. നിയമപാലകയുടെ മുഖംമൂടി അണിഞ്ഞ്, സംശയത്തിന്റെ നിഴലിൽ നിന്ന് രക്ഷപ്പെട്ട് അവൾ വർഷങ്ങളോളം നിയമസംവിധാനത്തിനുള്ളിൽ ജീവിച്ചു.
സ്വന്തം ഡിപ്പാർട്ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്യാൻ അതിശക്തമായ തെളിവ് വേണമായിരുന്നു. ഡിറ്റക്ടീവുകൾ രഹസ്യമായി നീങ്ങി. ഒരു സാധാരണ ചോദ്യം ചെയ്യലിനെന്ന പേരിൽ സ്റ്റെഫാനിയെ ഓഫീസിലേക്ക് വിളിപ്പിച്ചു. ഒരു ദിവസം, അവൾ ഭക്ഷണം കഴിച്ച ശേഷം വലിച്ചെറിഞ്ഞ സ്ട്രോ പോലീസ് രഹസ്യമായി ശേഖരിച്ചു. അതിൽ നിന്ന് ലഭിച്ച ഡിഎൻഎയും, 23 വർഷം മുൻപ് ഷെറിയുടെ കൈയിലെ കടിപ്പാടിൽ നിന്ന് എടുത്ത സാമ്പിളും ഒത്തുനോക്കി. ഫലം “പെർഫെക്റ്റ് മാച്ച്” ആയിരുന്നു!
1986-ൽ, കാക്കിയുടുപ്പിന്റെ ബലത്തിലും അധികാരത്തിന്റെ മറവിലും സ്റ്റെഫാനി രക്ഷപ്പെട്ടുവെന്ന് കരുതി. ഷെറിയെ നേരിൽ കണ്ടു വഴക്കിടുകയും, ബലപ്രയോഗത്തിനിടയിൽ സ്വന്തം തോക്കെടുത്ത് വെടിവെച്ച് കൊല്ലുകയുമായിരുന്നു അവൾ. 2009-ൽ, സ്റ്റെഫാനി തന്റെ ഓഫീസിലിരുന്ന് ജോലി ചെയ്യുമ്പോൾ, സഹപ്രവർത്തകരായ പോലീസുകാർ തന്നെ വന്നു കൈവിലങ്ങ് അണിയിച്ചു.
പകയും കുറ്റബോധവും മറച്ചുവെച്ച അവളുടെ മുഖത്ത് അപ്പോൾ ഒന്നും പറയാനുണ്ടായിരുന്നില്ല. 2012-ൽ കോടതി സ്റ്റെഫാനിയെ കുറ്റക്കാരിയായി വിധിക്കുകയും 27 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.
ഇരുപത്തിമൂന്ന് വർഷം മണ്ണിൽ മറഞ്ഞു കിടന്നിട്ടും, ഷെറി റാസ്മ്യൂസൺ തന്റെ കൈത്തണ്ടയിലെ ആ മുറിപ്പാടിലൂടെ ലോകത്തോട് സത്യം വിളിച്ചു പറഞ്ഞു. വിശ്വസിച്ചവർ തന്നെ ചതിക്കുന്ന, നിയമപാലകർ തന്നെ വേട്ടക്കാരാകുന്ന ഈ കഥ ഇന്നും ലോസ് ആഞ്ചലസിനെ നടുക്കുന്ന ഒരു ഓർമ്മയാണ്. നീതിക്ക് വേണ്ടി എത്രകാലം കാത്തിരിക്കേണ്ടി വന്നാലും, സത്യം ഒരിക്കലും തോൽക്കില്ല എന്ന സന്ദേശമാണ് ഈ കേസ് ലോകത്തിന് നൽകുന്നത്.
















