തമിഴ് സിനിമാ ലോകത്തെ രണ്ട് അതികായന്മാർ ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ. തമിഴകത്തിന്റെ സ്വന്തം സൂപ്പർസ്റ്റാർ രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് ഉലകനായകൻ കമൽ ഹാസനാണ്. ‘തലൈവർ 173’ എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് പ്രോജക്റ്റ് തമിഴ് സിനിമയിലെ ഒരു നാഴികക്കല്ലായി മാറുമെന്നാണ് പ്രതീക്ഷ.
കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള പ്രശസ്ത നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ 44 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് ഈ വമ്പൻ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. കമൽ ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റെഡ് ജയന്റ് മൂവീസ് ആണ് ചിത്രത്തിന്റെ ആഗോള വിതരണം ഏറ്റെടുത്തിരിക്കുന്നത്. 2027-ലെ പൊങ്കൽ റിലീസായി ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന.
ഈ ചിത്രം സംവിധാനം ചെയ്യുന്നത് യുവസംവിധായകൻ സിബി ചക്രവർത്തിയാണ്. ശിവകാർത്തികേയനെ നായകനാക്കി 2022-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ഡോൺ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച സിബി, അതിന് ശേഷം ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മുൻപ് ആറ്റ്‌ലിയുടെ സംവിധാന സഹായിയായി ‘തെരി’, ‘മെർസൽ’ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യുവതാരങ്ങളുടെ ഇഷ്ട്ട സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറാണ്. ‘എവെരി ഫാമിലി ഹാസ് എ ഹീറോ’ എന്നതാണ് ചിത്രത്തിന്റെ ആകർഷകമായ ടാഗ്‌ലൈൻ. ഒരു പക്കാ മാസ്സ് കൊമേർഷ്യൽ എന്റെർറ്റൈനെർ ആയിരിക്കും ഈ ചിത്രമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അഞ്ച് പതിറ്റാണ്ടുകളായി തമിഴ് സിനിമയിൽ സജീവമായി നിൽക്കുന്ന രജനീകാന്തിന്റെയും കമൽ ഹാസന്റെയും സുഹൃദ് ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും നേർക്കാഴ്ച കൂടിയായാണ് ഈ പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്. കമൽ ഹാസൻ നിർമ്മിക്കുന്ന ചിത്രത്തിൽ രജനീകാന്ത് ആദ്യമായി നായകനായി എത്തുന്നു എന്ന പ്രത്യേകതയും ‘തലൈവർ 173’-നുണ്ട്.
















