സൗദി അറേബ്യയിൽ മദീനക്ക് സമീപം ശനിയാഴ്ച വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം മഞ്ചേരി വെള്ളില സ്വദേശിയായ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. ജിദ്ദയിൽ ജോലി ചെയ്യുന്ന നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത് കളത്തിൽ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൾ (73) എന്നിവരാണ് ഈ ദാരുണ അപകടത്തിൽ മരണപ്പെട്ടത്.
ഉംറ നിർവ്വഹണത്തിനായി ജിദ്ദയിൽ നിന്ന് മദീനയിലേക്ക് തിരിച്ചതായിരുന്നു അബ്ദുൽ ജലീലും കുടുംബവും. ഇവർ സഞ്ചരിച്ച ജിഎംസി വാഹനത്തിൽ ആകെ ഏഴുപേരാണ് ഉണ്ടായിരുന്നത്. യാത്രക്കിടെ ഇവരുടെ വാഹനം തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ വാഹനം പൂർണ്ണമായി തകർന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ജലീലിന്റെ മറ്റ് മൂന്ന് മക്കളായ നൂറ (12), ആയിഷ (8), ഫാത്തിമ (6) എന്നിവരെ ഉടൻ തന്നെ മദീനയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
ഇവരെ കിംഗ് ഫഹദ്, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അധികൃതരും പ്രവാസി സംഘടനകളും കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകി വരുന്നുണ്ട്.
















