പാടവരമ്പത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന കർഷകനെ പുലി ആക്രമിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കർഷകനും പുലിയും കിണറ്റിൽ വീഴുകയായിരുന്നു. ഗോരഖ് ജാദവ് എന്ന കർഷകനാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ സിന്നാറിലാണ് ദാരുണ സംഭവം.
ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് കർഷകനെ പുലി ആക്രമിച്ചത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ജാദവ് സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു, പുലിയും അതേ കിണറ്റിലേക്ക് വീണു. എന്നാൽ ഗുരുതരമായി പരുക്കേറ്റ ജാദവ് മരണത്തിന് കീഴടങ്ങി.
സംഭവം അറിഞ്ഞ് വനപാലകർ എത്തിയെങ്കിലും നാട്ടുകാർ അക്രമാസക്തരായതോടെ ഉദ്യോഗസ്ഥർക്കു കിണറിനു സമീപത്തേക്ക് പോകാനായില്ല. കിണറിൽനിന്നും പുലിയെ രക്ഷിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ജനക്കൂട്ടം എത്തിയതോടെ മൂന്ന് മണിക്കൂറോളം സ്ഥലത്തു സംഘർഷാവസ്ഥ നിലനിന്നു.
ഈ സമയം കിണറിൽ വീണപ്പോഴുണ്ടായ പരുക്കു മൂലം പുലി ചത്തു. തുടർന്നു ജാദവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കും പുലിയുടെ ജഡം വനം വകുപ്പും കൊണ്ടുപോയി.
















