ഡല്‍ഹിയിൽ കുടുംബാംഗങ്ങളായ മൂന്നു പേരെ കൊലപ്പെടുത്തിയതിന് ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി 25 വയസ്സുകാരൻ. ഭക്ഷണത്തിൽ വിഷം കലർത്തി അമ്മ കവിത, അനിയത്തി മേഘ്ന, അനിയൻ മുകുൽ എന്നിവരെ കൊലപ്പെടുത്തിയതായി യാഷ്ബീർ സിങ് പൊലീസിന് മൊഴി നൽകി. സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്.
വിഷ വിത്തുകൾ കലർത്തിയ പലഹാരം മൂന്നു പേർക്കും നല്‍കിയതായും പിന്നീട് ഇവർ ബോധക്ഷയരാവുകയും മരിക്കുകയുമായിരുന്നെന്ന് പ്രതി പൊലീസിനു മൊഴി നല്‍കി. വൈകുന്നേരം 5 മണിക്കാണ് പ്രതി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.
തുടർന്ന് പൊലീസ് സുഭാഷ് ചൗക്കിലുള്ള വീട്ടിലെത്തി മൂന്നു മൃതദേഹങ്ങൾ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു.കൊലപാതക സമയത്ത് പ്രതിയുടെ ഭാര്യ സ്ഥലത്തിലായിരുന്നെന്നും അവർക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. എഫ്ഐആർ റജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
















