ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള അതിജീവിതയുടെ അപേക്ഷയും സിംഗിള്‍ ബെഞ്ച് പരിഗണിക്കും.
ജസ്റ്റിസ് എ.ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷയും കക്ഷി ചേരാനുള്ള അപേക്ഷയും പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘവും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
മൂൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്‍റെ ഭാഗം കൂടി കേൾക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. കേസിൽ പരാതിക്കാരിയായ തനിക്ക് നേരെ വലിയ സൈബറാക്രമണം നടക്കുകയാണെന്നും ഹർജിയിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്നാണ് പരാതിക്കാരി കോടതിയെ അറിയിച്ചിരിക്കുന്നത്.
ബലാത്സംഗം, വിവാഹ വാഗ്ദാനം നല്‍കി പീഡനം, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.
എന്നാൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് തമ്മിൽ ഉണ്ടായതെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാദം.
എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ തീരുമാനം എടുക്കുംവരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.
















