യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്ത് ഇസ്ലാമിയായിരിക്കും ആഭ്യന്തരം ഭരിക്കുന്നതെന്ന സിപിഐഎം നേതാവ് എ കെ ബാലന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
എ കെ ബാലന്റെ പ്രസ്താവന വർഗീയ കലാപം ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ സംഘപരിവാർ നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായുള്ളതാണെന്ന് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് എ കെ ബാലൻ ഈ പ്രസ്താവന നടത്തിയിരിക്കുന്നതെന്ന് വി ഡി സതീശൻ ആരോപിച്ചു.
വെള്ളാപ്പള്ളി നടേശനും എ കെ ബാലനും നടത്തിയ പ്രസ്താവനകൾ തമ്മിൽ കൂട്ടി വെക്കാമെന്ന് അദേഹം പറഞ്ഞു. ബിനോയ് വിശ്വം എകെ ബാലന്റെ വർഗീയ പ്രസ്താവനയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് വിഡി സതീശൻ ചോദിച്ചു. ബിനോയ് വിശ്വം ഉത്തരം താങ്ങുന്ന പല്ലി എന്ന പ്രചാരണമാണ് നടക്കുന്നതെന്നും ഇടതുമുന്നണി ശിഥിലിക്കപ്പെടുകയാണെന്നും അദേഹം പറഞ്ഞു.
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് കോൺഗ്രസ് നൽകുന്ന വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ അടുത്തയാഴ്ച അടക്കുമെന്നും പിന്നാലെ പത്ത് ദിവസത്തിനുള്ളിൽ പ്ലാൻ അംഗീകരിച്ച് നിർമാണം ആരംഭിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. ദുരന്തബാധിതരുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉറപ്പുനൽകിയ പല കാര്യങ്ങളും തങ്ങൾ നടപ്പിലാക്കി എന്നും സതീശൻ അവകാശപ്പെട്ടു.
രാഹുൽ ഗാന്ധി ഇടപെട്ട് കർണാടക സർക്കാർ 100 വീടുകൾക്ക് പണം കൈമാറി. ലീഗ് നൽകുന്ന 100 വീടുകളുടെ നിർമാണം നടക്കുകയാണ്. ബാക്കിയുള്ളത് ഇനി 200 വീടുകളാണ്. അടുത്തയാഴ്ച സ്ഥലത്തിന്റെ രജിസ്ട്രേഷൻ കഴിഞ്ഞാൽ പത്ത് ദിവസത്തിനുള്ളിൽ പ്ലാൻ അംഗീകരിച്ച് നിർമാണം ആരംഭിക്കും. അപ്പോൾ 300 വീടായി. ആകെ 400 വീടുകളിൽ 300 വീടുകളും യുഡിഎഫ് ആണ് നിർമിക്കുന്നത് എന്നും സതീശൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് പിരിച്ചെടുത്ത ഒരു കോടി രൂപ കെപിസിസിക്ക് അടുത്ത ദിവസം കൈമാറുമെന്നും സതീശൻ വ്യക്തമാക്കി. ഭൂമി കണ്ടെത്താനാകാത്തത് സർക്കാർ കാരണമാണെന്നും സതീശൻ കുറ്റപ്പെടുത്തി. സർക്കാരിന് ഭൂമി കണ്ടെത്താൻ ഒരു വർഷം എടുത്തപ്പോൾ തങ്ങൾക്ക് മൂന്ന് മാസമെടുക്കാൻ പാടില്ലേ എന്നും സതീശൻ ചോദിച്ചു.
















