പോറ്റിയേ കേറ്റിയേ പാരഡി ഗാനം വെച്ചത് ചോദ്യം ചെയ്ത സിപിഎം ലോക്കൽ സെക്രട്ടറിയെ മർദിച്ചതായി പരാതി. കണ്ണൂർ മുല്ലക്കൊടി സ്വദേശി മനോഹരനാണ് മർദനമേറ്റത്. ഒരു റേഷൻ കടയിൽവെച്ച് ഭാസ്കരൻ എന്നയാൾ ‘പോറ്റിയേ കേറ്റിയേ’ എന്ന പാട്ട് വെച്ചു. ഇത് കേട്ട മനോഹരൻ പൊതുയിടത്ത് രാഷ്ട്രീയ ഗാനങ്ങൾ പാടില്ലെന്ന് പറഞ്ഞ് ഭാസ്കരനെ ചോദ്യം ചെയ്തു.
എന്നാൽ പാട്ട് നിർത്താൻ തയ്യാറാകാത്ത ഭാസ്കരൻ കുറച്ചുകൂടി ഉച്ചത്തിൽ പാട്ട് വെച്ചു. ഇതിനെയും മനോഹരൻ ചോദ്യം ചെയ്തതോടെ പ്രകോപിതനായ ഭാസ്കരൻ മർദ്ദനം ആരംഭിക്കുകയായിരുന്നു. ഇരുവരും തമ്മിൽ കയ്യാങ്കളിയുണ്ടാകുകയും ഭാസ്കരൻ മനോഹരൻ കഴുത്തിന് പിടിച്ച് മർദിച്ചു എന്നാണ് പരാതി. സംഭവത്തിൽ ഭാസ്കരനെതിരെ മയ്യിൽ പൊലീസ് കേസെടുത്തു.
















