രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും ഒരു ലോക്സഭാ മണ്ഡലത്തിലേയ്ക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകത്തിനും ബിജെപിയ്ക്കും നേട്ടം. തമിഴ്നാട്ടിലെ രണ്ട് സീറ്റുകളിലും ടിവികെ വിജയിച്ചു. പശ്ചിമ ബംഗാളിലെ രണ്ട് സീറ്റുകളിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കി. പുതുച്ചേരിയില്‍ എന്‍ഡിഎ വിജയിച്ചു. അസമിലെ ലോക്സഭാ സീറ്റിലും ബിജെപി നേട്ടമുണ്ടാക്കി.
തമിഴ്നാട്ടില്‍ സി ജോസഫ് വിജയ് സര്‍ക്കാറിന്റെ വിലയിരുത്തലെന്ന് പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പില്‍ രണ്ടിടത്തും വെന്നിക്കൊടി പാറിച്ച് ടിവികെ. മധുരാന്തകത്ത് മരഗതം കുമരവേലും ധാരാപുരത്ത് പി സത്യഭാമയും വിജയിച്ച് കയറി. സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിച്ച ഡിഎംകെയാണ് രണ്ടാം സ്ഥാനത്ത്. വോട്ടുകള്‍ കാര്യമായി കുറയാതെ പിടിച്ചു നില്ക്കാന് ഡിഎംകെയ്ക്ക് സാധിച്ചത് വലിയ നേട്ടമായാണ് വിലയിരുത്തുന്നത്. അണ്ണാ ഡിഎംകെയാണ് തകര്‍ന്നടിഞ്ഞത്. 2026ലെ പൊതു തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച അണ്ണാ ഡിഎംകെ അഞ്ച് മാസങ്ങള്‍ക്കിപ്പുറം മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഇത് ജനങ്ങളുടെ വിജയമെന്നും ടിവികെയെ നെഞ്ചേറ്റിയ ജനങ്ങള്‍ക്ക് നന്ദിയെന്നും മുഖ്യമന്ത്രി സി ജോസഫ് വിജയ് എക്സില്‍ കുറിച്ചു.
പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ 1,22,753 വോട്ടുകള്‍ക്കാണ് ബിജെപിയിലെ ഹസി റാണി റാത്ത് വിജയിച്ചത്. പൊതു തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി മത്സരിച്ച മണ്ഡലമാണ് നന്ദിഗ്രാം. 9665 ആയിരുന്നു സുവേന്ദു അധികാരിയുടെ ഭൂരിപക്ഷം. റെജിനഗറിലും ബിജെപി മിന്നും വിജയം സ്വന്തമാക്കി. അറുപതിനായിരത്തിന് മുകളിലാണ് ശങ്കരവ് സര്‍ക്കാറിന്റെ ഭൂരിപക്ഷം. പുതുച്ചേരി തട്ടന്‍ചാവടിയില്‍ എന്‍ആര്‍ കോണ്‍ഗ്രസിലെ അശോക് ആനന്ദ് ആണ് വിജയിച്ചത്. എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാണ് എന്‍ആര്‍ കോണ്‍ഗ്രസ്. അസമിലെ നാഗോണ്‍ ലോക്സഭ മണ്ഡലത്തിലും ബിജെപി വിജയിച്ചു കയറി. ഒന്നര ലക്ഷത്തിന് മുകളിലാണ് ബിജെപി സ്ഥാനാര്‍ഥി ദേവാശിശ് ശര്‍മയുടെ ഭൂരിപക്ഷം.
Story Highlights : By-elections: TVK wins in Tamil Nadu; BJP wins in Bengal and Assam















