വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ അടക്കമുള്ളവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. സിനഡ് നടക്കുന്നതിനിടെ സഭാ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്‍റ് തോമസിലായായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ കൂടിക്കാഴ്ച. ഒരു മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷം അത്താഴവിരുന്നിലും പങ്കെടുത്തതാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്.
ബുധനാഴ്ച രാത്രി 9.15-ഓടെയാണ് സതീശൻ കാക്കനാട്ടെ മൗണ്ട് സെന്റ് തോമസിലെത്തിയത്. പോലീസിന്റെ പൈലറ്റ് വാഹനവും ഔദ്യോഗിക കാറും ഒഴിവാക്കിയായിരുന്നു ഈ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. സിനഡ് നടക്കുന്ന സ്ഥലത്തേക്ക് പ്രതിപക്ഷ നേതാവിനെ വിളിപ്പിച്ചതാണോ മുൻകൂർ അനുമതി തേടി സന്ദർശനം നടത്തിയതാണോ എന്ന് വ്യക്തമല്ല. കേരളത്തിലെ രാഷ്ട്രീയ, മത വിഷയങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ട സഭാ സമിതിയാണ് സിനഡ്.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, സഭാ നയങ്ങൾ തീരുമാനിക്കുന്ന സിനഡിന്റെ സമയത്തുള്ള ഈ കൂടിക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകർ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്.
















