കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം. വിധി പറയാന്‍ ജഡ്ജി അര്‍ഹയല്ലെന്ന് ഉള്‍പ്പെടേയുള്ള പരാമർശങ്ങളാണ് നിയമോപദേശത്തിലുള്ളത്. മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ വിചാരണ കോടതി ജഡ്ജി സംശയ നിഴലിലാണ്. അതിനാല്‍ ജഡ്ജിക്ക് വിധി പറയാന്‍ അവകാശമില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.
ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തിൽ പറയുന്നു. ജഡ്ജി പെരുമാറിയത് വിവേചനപരമായിട്ടാണ്. തെളിവുകൾ പരിശോധിക്കാൻ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണ്. ഒന്ന് മുതൽ ആറ് വരെ പ്രതികൾക്ക് എതിരെ അംഗീകരിച്ച തെളിവുകൾ പോലും ദിലീപിനെതിരെ അംഗീകരിച്ചില്ല.
തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്ന് തെളിഞ്ഞ ദിലീപിന്റെ അഭിഭാഷകരെ തുടരാൻ അനുവദിച്ചു. അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമർശങ്ങൾ എന്നും നിയമോപദേശത്തിൽ പറയുന്നു. അടുത്ത ആഴ്ചക്കുള്ളിൽ സർക്കാർ അപ്പീൽ നൽകും.
കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നായിരുന്നു വിചാരണക്കോടതിയുടെ വിധി. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
ആറ് പേര്‍ക്കും 20 വര്‍ഷം കഠിന തടവും പിഴയുമായിരുന്നു കോടതി വിധിച്ചിരുന്നത്. കേസിലെ എട്ടാം പ്രതി ദിലീപ് അടക്കം നാല് പ്രതികളെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.
















