യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെതിരായ ഗർഭചിദ്ര കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസിൽ രണ്ടാം പ്രതിയായ സുഹൃത്ത് ജോബി ജോസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) മുൻപാകെ പുതിയ വെളിപ്പെടുത്തലുകൾ നടത്തി.
അതിജീവിതയ്ക്ക് ഒരു പൊതി കൈമാറിയതായി ജോബി ജോസ് സമ്മതിച്ചു. എന്നാൽ, അതിനുള്ളിൽ എന്താണ് ഉണ്ടായിരുന്നതെന്ന് തനിക്ക് അറിയില്ലെന്നും, രാഹുലിന്റെയും അതിജീവിതയുടെയും പൊതുസുഹൃത്താണ് ഇത് തന്റെ കൈവശം തന്നതെന്നും ജോബി മൊഴി നൽകി.
നേരത്തെ, അതിജീവിത നൽകിയ മൊഴിയിൽ, ജോബിയാണ് തനിക്ക് ഗർഭചിദ്ര ഗുളിക എത്തിച്ചു നൽകിയത് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ മൊഴിക്ക് വിരുദ്ധമായി, പൊതുസുഹൃത്ത് നൽകിയ പൊതി കൈമാറുക മാത്രമാണ് താൻ ചെയ്തതെന്നാണ് ജോബിയുടെ പുതിയ വെളിപ്പെടുത്തൽ.
ഗുളിക കൈമാറിയത് രാഹുലിന്റെ സുഹൃത്താണെന്ന അതിജീവിതയുടെ ആദ്യ മൊഴിയെ ശരിവെക്കുന്ന തരത്തിലാണ് ജോബിയുടെ ഈ വിശദീകരണം.
മുൻകൂർ ജാമ്യം ലഭിച്ച ജോബി ജോസിന്റെ മൊഴി കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി ഹാജരായെങ്കിലും ഇയാൾ ഫോൺ കൊണ്ടുവന്നിരുന്നില്ല. അതുകൊണ്ട്, ഫോൺ ഹാജരാക്കാൻ അന്വേഷണ സംഘം ജോബിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ഫോൺ ഹാജരാക്കാത്ത പക്ഷം ജാമ്യം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ വീഡിയോ കോൾ വഴി നിർബന്ധിച്ചാണ് ഗുളിക കഴിപ്പിച്ചത് എന്ന് അതിജീവിത നേരത്തെ മൊഴി നൽകിയിരുന്നു. ജോബി ജോസിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, കേസിന്റെ തുടർ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള മറ്റു പ്രതികളുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
















