നടിയെ ആക്രമിച്ച കേസിലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി.) നൽകിയ നിയമോപദേശത്തിലെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ സർക്കാരിനും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ കെ.പി. വ്യാസൻ രംഗത്ത്.
സി.പി.എമ്മും ഇടതുപക്ഷ സർക്കാരും പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിൽ മാത്രം നടിയെ ആക്രമിച്ച കേസ് വീണ്ടും ചർച്ചയാകുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും, ഇത് യാദൃശ്ചികമല്ലെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.എം. മുൻമന്ത്രി എ.കെ. ബാലൻ നടത്തിയ പ്രസ്താവന തിരിച്ചടിച്ച് നിൽക്കുന്ന സമയത്താണ് ഇത്തരമൊരു വാർത്ത പുറത്തുവരുന്നത്. ഇത് യാദൃച്ഛികമല്ലെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യാസൻ വ്യക്തമാക്കി.
കേസ് വാദിച്ച് പരാജയപ്പെട്ട അഭിഭാഷകൻ തന്നെ സർക്കാരിന് നിയമോപദേശം നൽകുകയും, മുഖ്യധാരാ ചാനലുകൾ ഒരേ സമയം ഇത് വാർത്തയാക്കുകയും ചെയ്തതിലെ അസ്വാഭാവികതയും അദ്ദേഹം ചോദ്യം ചെയ്തു. “ജഡ്ജി വിധി പറയാൻ യോഗ്യയല്ല എന്ന് കേസ് വാദിച്ച് തോറ്റ വക്കീൽ തന്നെ സർക്കാരിന് നിയമോപദേശം കൊടുക്കുന്നു. എന്നിട്ട് അത് കേരളത്തിലെ മുഖ്യധാരാ ചാനലുകൾ എല്ലാം ഒരേസമയം വാർത്തയാക്കുന്നു,” വ്യാസൻ ചൂണ്ടിക്കാട്ടി.
സി.പി.എമ്മും ഇടതുപക്ഷ സർക്കാരും പ്രതിസന്ധിയിലാകുന്ന എല്ലാ സമയങ്ങളിലും നടിയെ ആക്രമിച്ച കേസ് പൊങ്ങി വരുന്നതിന് പിന്നിലെ കാരണം എന്താണെന്നും, ഈ വാർത്തകൾക്ക് ചാനലുകൾക്ക് നിർദ്ദേശം നൽകുന്നത് ആരാണെന്നും വ്യാസൻ ചോദിച്ചു.
“എല്ലാ മുഖ്യധാരാ ചാനലുകളും ഏതെങ്കിലും പി.ആർ. ഏജൻസിയുടെ നിയന്ത്രണത്തിലാണോ പ്രവർത്തിക്കുന്നത്? ചാനൽ പ്രവർത്തകർക്കിടയിൽ കോമൺസെൻസ് ഉപയോഗിക്കുന്ന ആരും ഇല്ലാതെ പോകുന്നത് ഈ പി.ആറിന്റെ കളിയാണോ?” അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവവികാസങ്ങളിൽ ഒരു പബ്ലിക് റിലേഷൻസ് താൽപര്യമുണ്ടെന്നും കെ.പി. വ്യാസൻ സംശയം പ്രകടിപ്പിച്ചു.
















