ഭ്രാന്തിൻ്റെ ഏറ്റവും പുതിയ മറു പേരായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് മാറിയിരിക്കുകയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എക്കാലത്തും ലോകസമാധാനത്തിൻ്റെ ഏറ്റവും വലിയ ശത്രു അമേരിക്കയായിരുന്നു. ഇന്നും ഈ സ്ഥിതി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി തിരുവനന്തപുരം ജില്ലാ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഹിരോഷിമാ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനമാണ് ജീവിതമെന്ന് ചരിത്രം മാനവരാശിയെ പഠിപ്പിക്കുന്നുണ്ട്. പക്ഷേ യുദ്ധത്തിൻ്റെ നിഴലിൽ നിന്ന് നമുക്ക് മാറാനാകുന്നില്ല. സാമ്രാജ്യത്വത്തിനും ആയുധക്കച്ചവടക്കാർക്കും യുദ്ധം അനിവാര്യമാണ്. മനുഷ്യ ശക്തിക്കെതിരെ ഫാസിസത്തിനും തിന്മകൾക്കും അധികകാലം പിടിച്ചു നിൽക്കാനാകില്ലെന്ന് ഡൽഹിയിൽ യുവജനങ്ങൾ നടത്തിയ സമര വിജയം തെളിയിച്ചു. ആയതിനാൽ സമാധാന പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തി പ്രാപിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഐപ്സോ ജില്ലാ പ്രസിഡൻ്റ് ആറ്റിങ്ങൽ സുഗുണൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. റ്റി. ശരത്ശ്ചന്ദ്രപ്രസാദ്, പാളയം സെൻ്റ് ജോസഫ്സ് ഇടവക വികാരി മോൺസിഞ്ഞോർ ഇ. വിൽഫ്രഡ്, അഡ്വ.എം.എ. ഫ്രാൻസിസ്, സി.ആർ. ജോസ് പ്രകാശ്, ഇ. വേലായുധൻ, ഡോ. സി. ഉദയകല, എസ്. സുധികുമാർ, പി.എസ് നായിഡു, പ്രസീദ് പേയാട് എന്നിവർ സംസാരിച്ചു.
സെക്രട്ടേറിയറ്റിന് മുന്നിൽ നിന്നുമാരംഭിച്ച സമാധാന ജാഥ പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. തുടർന്ന് ബിജു പെരുമ്പുഴയുടെ നേതൃത്വത്തിൽ യുവകലാസാഹിതി ഗായക സംഘം സമാധാന ഗീതങ്ങൾ ആലപിച്ചു. ജാഥക്കും അനുസ്മരണ പരിപാടികൾക്കും ജയശ്ചന്ദ്രൻ കല്ലിംഗൽ, എൻ.ഷൺമുഖo പിള്ള, പി.ചന്ദ്രസേനൻ, കെ.ആനന്ദൻ, പി. ഗണേശൻ നായർ, വി.ആർ. ജനാർദ്ദനൻ, എസ്.സതീഷ്കുമാർ, അഡ്വ. കെ.സി. വസന്തകുമാർ, ഡോ. അജു സൈഗാൾ തുടങ്ങിയവർ നേതൃത്വം നൽകി.
















