ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് അതേ നാണയത്തിൽ മറുപടി നൽകാൻ ഡെൻമാർക്ക് ഒരുങ്ങുന്നു. ഗ്രീൻലൻഡിനെതിരായ ഏത് നീക്കത്തെയും സൈനികമായി നേരിടുമെന്ന് ഡെൻമാർക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഗ്രീൻലൻഡിനെച്ചൊല്ലി യുഎസും ഡെൻമാർക്കും തമ്മിലുള്ള തർക്കം നയതന്ത്ര പ്രതിസന്ധിയായി രൂപപ്പെട്ടതിനു പിന്നാലെയാണ് ഡെൻമാർക്ക് നിലപാട് സ്വീകരിച്ചത്. തന്ത്രപ്രധാനമായ മൂല്യമുള്ളതും ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശവുമായ ഗ്രീൻലൻഡ്, യുഎസ് വിലയ്ക്ക് വാങ്ങുകയോ ഡെൻമാർക്ക് വിസമ്മതിച്ചാൽ പിടിച്ചെടുക്കുകയോ ചെയ്യാമെന്ന ട്രംപിന്റെ നിർദേശമാണ് ഈ വിവാദത്തിന്റെ കാതൽ.
ഇതു യാഥാർഥ്യമാക്കാൻ സൈനിക ഇടപെടൽ ഒരു മാർഗമായി ട്രംപ് ഇപ്പോഴും പരിഗണിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. ഗ്രീൻലൻഡിന്റെ ഭാവി തീരുമാനിക്കേണ്ടത് അവിടെയുള്ളവരും ഡെൻമാർക്കും മാത്രമാണെന്ന് നിലപാട് സ്വീകരിച്ച് യൂറോപ്യൻ നേതാക്കളും രംഗത്തെത്തിയിരുന്നു.
















