തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുടെ തുടർച്ചയായ നടപടികളിൽ പാർട്ടി നേതൃത്വം കടുത്ത അതൃപ്തിയിൽ. ഏറ്റവും ഒടുവിൽ നടന്ന കോർപറേഷൻ സ്ഥിര സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ശ്രീലേഖയുടെ വോട്ട് അസാധുവായതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
നഗരാസൂത്രണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന സ്ലിപ്പിൽ ഒപ്പിടാത്തതാണ് ശ്രീലേഖയുടെ വോട്ട് അസാധുവാകാൻ കാരണം. വോട്ടു ചെയ്യേണ്ട രീതിയെക്കുറിച്ച് പാർട്ടി കൗൺസിലർമാർക്കായി ആദ്യം നടത്തിയ ക്ലാസിൽ ശ്രീലേഖ പങ്കെടുത്തിരുന്നില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തുന്നു.
ഇത് മനഃപൂർവം അല്ലെന്ന് വിലയിരുത്തുമ്പോഴും കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തതു മുതൽ പാർട്ടിയെ വെട്ടിലാക്കുന്ന നടപടികളാണ് ശ്രീലേഖയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ശ്രീലേഖയുടെ നടപടികളിലൊന്നും പാർട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ പരസ്യമായി പ്രതികരിച്ചിട്ടില്ല.
മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആഘോഷങ്ങളിൽ നിന്ന് ശ്രീലേഖ വിട്ടുനിന്ന് പാർട്ടിയെ വെട്ടിലാക്കി. മേയർ സ്ഥാനം വാഗ്ദാനം ചെയ്താണ് തന്നെ മത്സരിപ്പിച്ചതെന്ന ശ്രീലേഖയുടെ വെളിപ്പെടുത്തലും പാർട്ടിയെ വെട്ടിലാക്കിയിരുന്നു.
മേയർ സ്ഥാനാർഥിയായി മത്സരിപ്പിക്കാത്തതിലുള്ള അമർഷമാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മേയറും ഡപ്യൂട്ടി മേയർ ജി.എസ്.ആശാനാഥും വീട്ടിലെത്തി ശ്രീലേഖയെ അനുനയിപ്പിച്ചു. എന്നാൽ ഇതിന് പിന്നാലെയാണ് സ്ഥിര സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ വോട്ട് അസാധുവായത്.
ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിപ്പിക്കണമെന്ന ശ്രീലേഖയുടെ ആവശ്യത്തിന് ബിജെപി കൗൺസിലർമാരിൽ നിന്ന് പിന്തുണ ലഭിച്ചിരുന്നില്ല. ഇതിൽ ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന.
















