അമേരിക്ക ഗ്രീൻലൻഡ് ഏറ്റെടുക്കുന്നതിനെക്കുറിച്ചും അതിനായുള്ള സൈനിക നടപടികളും ആലോചിക്കുന്നതിനിടെ പുതിയ അറിയിപ്പുമായി ഡെൻമാർക്ക്. ഡെൻമാർക്കിന്റെ അതിർത്തിയിലേക്ക് ആരെങ്കിലും അതിക്രമിച്ചു കടന്നാൽ അധികാരികളിൽനിന്ന് ഉത്തരവുകൾക്കായി കാത്തുനിൽക്കാതെ സൈനികർ ഉടൻ വെടിവെപ്പ് ആരംഭിക്കുമെന്നാണ് ഡാനിഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
1940 ഏപ്രിലിൽ നാസി ജർമ്മനി ഡെൻമാർക്കിനെ ആക്രമിച്ചപ്പോൾ ഉണ്ടായ പ്രത്യാഘാതങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെട്ട നിർദേശമാണിത്.അന്നത്തെ ആക്രമണം ഈ സ്‌കാൻഡിനേവിയൻ രാജ്യത്ത് ആശയവിനിമയത്തിൽ ഭാഗികമായ തകർച്ചയ്ക്ക് കാരണമായിരുന്നു. അതിനുപിന്നാലെയാണ് ഈ നിർദേശം നിലവിൽ വന്നത്.
ഡെൻമാർക്കിന്റെ ഭരണത്തിന് കീഴിലുള്ള ഗ്രീൻലൻഡിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കണ്ണുവെച്ചതിന് പിന്നാലെയാണ് ഈ പ്രസ്താവന ഇപ്പോൾ പുറത്തുവന്നത്. ആവശ്യമെങ്കിൽ ഗ്രീൻലൻഡ് ബലമായി ഏറ്റെടുക്കുമെന്നാണ് ട്രംപ് ആവർത്തിച്ചു ഭീഷണിപ്പെടുത്തുന്നത്.
ഡെൻമാർക്കിന്റെ തീരങ്ങളിലെ റഷ്യൻ, ചൈനീസ് കപ്പലുകളുടെ സാന്നിധ്യം കാരണം ഈ ആർട്ടിക് പ്രദേശം അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നു എന്നാണ് ട്രംപിന്റെ വാദം. അതുകൊണ്ടുതന്നെ ഗ്രീൻലൻഡിനുമേൽ അധികാരം സ്ഥാപിക്കേണ്ടത് നിർണായകമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു
















