ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ടോക്സിക്കിന്റെ’ ടീസർ വിവാദമായതിനു പിന്നാലെ സംവിധായകൻ നിഥിൻ രൺജി പണിക്കർ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ സൈബറിടത്ത് ശ്രദ്ധ നേടുന്നത്. പ്രശസ്ത എഴുത്തുകാരൻ സക്കറിയയുടെ വരികൾ ആണ് സംവിധായകൻ നിഥിൻ, ഗീതുവിനെതിരെ പരോക്ഷ വിമർശനമായി ഉന്നയിച്ചിരിക്കുന്നത്.
മലയാളത്തിൽ ഒരു മാസ്സ് പടം വന്നപ്പോൾ അതിനെ സ്ത്രീവിരുദ്ധമെന്ന് പറഞ്ഞ് ആക്രമിച്ചവർ, കന്നഡയിൽ പോയി കോടികൾ മുടക്കി അതെല്ലാം ഉൾപ്പെടുത്തി സിനിമ എടുക്കുന്നതിലെ ഇരട്ടത്താപ്പാണ് നിഥിൻ ചൂണ്ടിക്കാട്ടുന്നത്. നിഥിൻ പങ്കുവച്ച സക്കറിയയുടെ വരികൾ ഗീതുവിന്റെ ‘ഇരട്ടത്താപ്പിനുള്ള’ മറുപടിയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
‘‘നിങ്ങൾ കെട്ടിയാടുന്ന ആ ‘കപട വ്യക്തിത്വം’ നിങ്ങളുടെ തന്നെ ആദർശങ്ങളെ വിസ്മരിക്കുമ്പോൾ, കാപട്യം അവിടെ പൂത്തുലയുന്നു… പിന്നാലെ ജീർണ്ണതയും (അങ്ങനെയുണ്ടാകില്ലെന്ന് ഞാൻ പ്രത്യാശിക്കുന്നു).
എങ്കിലും… ഇതിന്റെയെല്ലാം അനന്തരഫലമായി ഉണ്ടായ ആ തകർച്ചയിൽ (അലങ്കോലപ്പെട്ടതും എന്നാൽ അർഹിച്ചതുമായ ആ അവസ്ഥയിൽ) നിന്നുകൊണ്ട് എനിക്ക് സമ്മതിക്കാൻ കഴിയും; അതിനും അതിന്റേതായ ചില നിമിഷങ്ങളുണ്ടായിരുന്നു എന്ന്.’’–സക്കറിയയുടെ ഈ വരികൾ നിതിൻ പങ്കുവെച്ചത് ഗീതു മോഹൻദാസിനെ ലക്ഷ്യം വെച്ചാണെന്ന് ആരാധകർ നിരീക്ഷിക്കുന്നു.
2016-ൽ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘കസബ’യിലെ സ്ത്രീവിരുദ്ധതയെ നടി പാർവതി തിരുവോത്ത് ഒരു ചലച്ചിത്ര മേളയിൽ വെച്ച് രൂക്ഷമായി വിമർശിച്ചിരുന്നു. അന്ന് സിനിമയുടെ പേര് പറയാൻ മടിച്ച പാർവതിയെ, “സേ ഇറ്റ്, സേ ഇറ്റ് ” എന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ട് ഗീതു മോഹൻദാസ് മുൻപന്തിയിലുണ്ടായിരുന്നു. ഈ സംഭവം അന്ന് നിതിനും സിനിമയ്ക്കും വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്കും നാണക്കേടിനും കാരണമായിരുന്നു.
എന്നാൽ കാലം മാറിമറിഞ്ഞപ്പോൾ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നതോടെ മാസ്സ് ഡയലോഗുകളും, പുകവലിയും, ആഘോഷിക്കപ്പെടുന്ന ആണത്തവും നിറഞ്ഞ ഒരു ചിത്രമാണിതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. പണ്ട് ഗീതു എതിർത്ത അതേ ‘ടോക്സിക് മാസ്കുലിനിറ്റി’ സ്വന്തം സിനിമയിൽ ആഘോഷിക്കുമ്പോൾ, അവരുടെ ആദർശങ്ങൾ എവിടെപ്പോയി എന്നാണ് നിതിൻ തന്റെ സ്റ്റോറിയിലൂടെ ചോദിക്കുന്നത്.
‘ടോക്സിക്ക്’ എന്ന സിനിമയുടെ ആദ്യ പ്രമൊയിലും സമാനമായ രംഗങ്ങൾ ഉണ്ടായതിനു തുടർന്ന് വിമർശനം നേരിട്ടപ്പോൾ പ്രതികരണവുമായി നിഥിൻ എത്തിയിരുന്നു. തന്റെ കസബ എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമർശിച്ച അതേ വ്യക്തി മറ്റൊരു ഭാഷയിൽ സിനിമ ചെയ്തപ്പോൾ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി എന്നാണ് അന്ന് നിഥിൻ പ്രതികരിച്ചത്.
നിഥിൻ രണ്‍ജി പണിക്കരുടെ വാക്കുകൾ; ‘സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന ‘ആൺനോട്ട’ങ്ങളിലാത്ത, ‘കസബ’യിലെ ‘ആൺമുഷ്ക്ക്’ മഷിയിട്ടു നോക്കിയാലും കാണാൻ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്‌കാരം. ”SAY IT SAY IT” എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോൾ ‘അവരുടെ’ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി?
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ടോക്സിക് പ്രൊമോയിൽ നായകനായ യഷ് സ്ത്രീകളെ എടുത്ത് ഉയർത്തുന്നതും, അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്ന് നിഥിൻ രണ്‍ജി പണിക്കർ പ്രതികരിച്ചത്.
















