ബെംഗളൂരു ഗോവിന്ദപൂരിൽ സ്വത്ത് വിൽക്കുന്നതിന് തുടർന്ന് നടന്ന തർക്കത്തിൽ ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിച്ച അനുജന്റെ ശരീരത്തിലേക്ക് തീ ആളിപ്പടർന്നു. അപകടത്തിൽ പൊള്ളലേറ്റ മുനിരാജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രിയിൽ ആയിരുന്നു സംഭവം. മുനിരാജ് ചിട്ടി ബിസിനസ് നടത്തി വരുന്ന വ്യക്തിയായിരുന്നു. എന്നാൽ ബിസിനസിൽ സാമ്പത്തിക നഷ്ടം വന്നതിനെ തുടർന്ന് കടത്തിലായി. ഈ കടം വീട്ടാനാണ് കുടുംബസ്വത്ത് വിൽക്കണമെന്നാവശ്യപ്പെട്ട് മുനിരാജ് സഹോദരൻ രാമകൃഷ്ണയെ സമീപിച്ചത്.
എന്നാൽ രാമകൃഷ്ണൻ ഇതിന് അനുവാദം നൽകിയില്ല. ഇതിൽ കുപിതനായ മുനിരാജ് ചൊവ്വാഴ്ച രാത്രി രാമകൃഷ്ണയുടെ വീട് കത്തിക്കണം എന്ന ഉദ്ദേശത്തോടെ എത്തി വീട് പുറത്തു നിന്ന് പൂട്ടി മുറിയിലേക്ക് പെട്രോൾ ഒഴിച്ച തീ കൊളുത്തി.
എന്നാൽ ഈ സമയത്തു പെട്രോൾ മുനിരാജിന്റെ കയ്യിൽ തെറിച്ചിരുന്നു. ഇത് അറിയാതെയാണ് തീ കൊളുത്തിയത്. പെട്ടന്ന് തീ മുനിരാജിന്റെ കൈകളിലേക്ക് ആളിപടരുകയും തുടർന്ന് ശരീരത്തിലേക്ക് പടരുകയുമായിരുന്നു. പെട്ടെന്ന് മുനിരാജ് അലറി വിളിക്കാൻ തുടങ്ങി. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ തീ അണച്ച ശേഷം ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
അപകടത്തിൽ മുനിരാജിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. നിലവിൽ ഹോസ്കോട്ടെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ രാമകൃഷ്ണക്കും കുടുംബത്തിനും ഒന്നും പറ്റിയിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്. രാമകൃഷ്ണന്റെ വീട്ടിലെ സി.സി.ടി.വിയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
















