ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാന ധനമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്നുമണിക്ക് ധനകാര്യമന്ത്രാലയത്തിൽ വച്ചാണ് യോഗം. കേരളത്തിന്റെ ധനമന്ത്രി കെ എൻ ബാലഗോപാൽ യോഗത്തിൽ പങ്കെടുക്കും. കാലാകാലങ്ങളായി സംസ്ഥാനം ആവശ്യപ്പെടുന്ന ഐയിംസ് അടക്കം ഉള്ളത് യോഗത്തിൽ ഉന്നയിക്കും. ഒപ്പം 2026 ബജറ്റിൽ സംസ്ഥാനത്തിന് വേണ്ട പരിഗണന നൽകണം എന്നും അറിയിക്കും. സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ തേടും. ഈ മാസം 28നാണ് പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്.
















