ഇടുക്കി മുന്നാറിൽ മകനോടുള്ള വൈരാഗ്യത്തെ തുടർന്ന് അമ്മയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മാട്ടുപ്പട്ടി ടോപ്പ് ഡിവിഷനിൽ ജെ. സുരേഷ് (36), നന്ദകുമാർ (25) എന്നിവരെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. മാട്ടുപ്പട്ടി സ്വദേശിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ചൊവ്വാഴ്ച രാത്രിയിൽ ആയിരുന്നു സംഭവം നടക്കുന്നത്. ഇവർ ടൗണിൽ നിന്ന് വീട്ടിലേക്ക് മടങ്ങിവരുവായിരുന്നു. അപ്പോഴാണ് പ്രതികൾ രണ്ടുപേരും മാട്ടുപ്പട്ടി ഭാഗത്തുവെച്ച് ഇവരെ തടഞ്ഞുനിർത്തുകയും കമ്പിവടി ഉപയോഗിച്ച് കൈ തല്ലിയൊടിക്കുകയുമായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സ്ത്രീയെ മുന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അറസ്റ്റ് ചെയ്ത പ്രതികളെ ദേവികുളം കോടതി റിമാൻഡ് ചെയ്തു.
















