കേരള നിയമസഭ പാസാക്കിയ മലയാളഭാഷാ ബില്ലിനെതിരേ ശക്തമായ എതിർപ്പുമായി കർണാടക സർക്കാർ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബില്ലിന് അനുമതി നൽകുന്നത് തടയാൻ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിക്കും.
കഴിഞ്ഞ ഒക്ടോബർ ഒൻപതിനാണ് കേരള നിയമസഭ മലയാളത്തെ കേരളത്തിന്റെ ഔദ്യോഗിക ഭാഷയാക്കാൻ ലക്ഷ്യമിടുന്ന ബിൽ പാസാക്കിയത്. എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കുക, കേരളത്തിന്റെ സമസ്ത മേഖലകളിലും ഭാഷയുടെ പ്രയോഗം ഉറപ്പാക്കുക, മലയാളത്തിന്റെ വളർച്ചയും വ്യാപനവും പരിപോഷണവും പരിപാലനവും ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ബിൽ കൊണ്ടുവന്നത്.
എന്നാൽ കേരളത്തിലെ എല്ലാ സർക്കാർ എയ്ഡഡ് സ്‌കൂളുകളിലും പത്താംക്ലാസ് വരെ മലയാളം നിർബന്ധിത ഒന്നാം ഭാഷ ആക്കണം എന്നുള്ളതാണ് കർണാടക സർക്കാരിന്റെ എതിർപ്പ്. കാരണം കേരളത്തിന്റെ അതിർത്തി ജില്ലയായ കാസർകോട്ടെ കന്നഡ മീഡിയം സ്കൂളുകളിൽ ഇത് പ്രശ്നമുണ്ടാകുമെന്നും കാസർകോട്ടെ കന്നഡിഗരിൽ മലയാളം അടിച്ചേൽപ്പിക്കുകയാണെന്നുമാണ് ഇവരുടെ ആക്ഷേപം.
















