ഇന്ത്യൻ പ്രതിരോധ മേധാവി ജനറൽ അനിൽ ചൗഹാൻ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന നിർണ്ണായക സൈനിക നടപടിയുടെ സ്വാധീനത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാകുന്നു. പാകിസ്താന്റെ പ്രതിരോധ സംവിധാനങ്ങളിലും ഭരണഘടനാപരമായ സമീപനങ്ങളിലും സമൂലമായ മാറ്റങ്ങൾക്ക് ഇന്ത്യയുടെ ഈ ഓപ്പറേഷൻ കാരണമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആൻഡ് ഇക്കണോമിക്‌സിൽ നടന്ന ‘പുണെ പബ്ലിക് പോളിസി ഫെസ്റ്റിവൽ 2026’ പരിപാടിയിൽ സംസാരിക്കവെയായിരുന്നു ജനറൽ ചൗഹാൻ ഇങ്ങനെ പരാജത്.
ഓപ്പറേഷൻ സിന്ദൂർ പാകിസ്താന്റെ സൈനിക ഘടനയിലെ ഗുരുതരമായ പാളിച്ചകളും പോരായ്മകളും വ്യക്തമാക്കിയെന്ന് ജനറൽ ചൗഹാൻ ചൂണ്ടിക്കാട്ടി. ഈ തിരിച്ചറിവാണ് പാകിസ്താനെ ഭരണഘടനാപരമായ ഭേദഗതികൾ വരുത്താനും പ്രതിരോധ മേഖലയെ പുനഃക്രമീകരിക്കാനും നിർബന്ധിതമാക്കിയത്. ഓപ്പറേഷന് ശേഷമുള്ള പാകിസ്താന്റെ കമാൻഡ് ആൻഡ് കൺട്രോൾ ഘടനയിലെ പുനഃസംഘടന, സംഘർഷസമയത്ത് പ്രകടമായ ബലഹീനതകൾക്ക് ലഭിച്ച അംഗീകാരമായി അദ്ദേഹം വിലയിരുത്തി.
പുനഃസംഘടനയുടെ ഭാഗമായി പാകിസ്താൻ കൊണ്ടുവന്ന ചില മാറ്റങ്ങൾ ജനറൽ ചൗഹാൻ എടുത്തുപറഞ്ഞു. ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം നിർത്തലാക്കി പകരം ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സസ് എന്ന പദവി കൊണ്ടുവന്നത് ഇതിൽ പ്രധാനമാണ്.
കൂടാതെ, നാഷണൽ സ്ട്രാറ്റജി കമാൻഡ്, ആർമി റോക്കറ്റ് ഫോഴ്‌സസ് കമാൻഡ് തുടങ്ങിയ പുതിയ സംവിധാനങ്ങളും രൂപീകരിച്ചു. സംയുക്തവും തന്ത്രപരവുമായ സൈനിക അധികാരങ്ങൾ ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്നത് ‘കൂട്ടായ്മ’ എന്ന ആശയത്തിന് വിരുദ്ധമാണെന്നും ഇത് പാകിസ്താന്റെ സൈനിക ഘടനയ്ക്ക് ആന്തരിക വെല്ലുവിളികൾ ഉയർത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
















