ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് മുതിർന്ന ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രായേലി പ്രതിരോധ സേന (IDF) അവകാശപ്പെട്ടു. ഹമാസ് ആന്റി ടാങ്ക് മിസൈൽ വിഭാഗത്തിന്റെ തലവനായ കമൽ അബ്ദ് അൽ റഹ്‌മാൻ മുഹമ്മദ് ഔവാദ്, ആയുധ നിർമ്മാണ വിഭാഗത്തിലെ പ്രധാനിയായ അഹ്‌മദ് തബേത്ത് എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് IDF-ന്റെ വിശദീകരണം.
ഇസ്രായേൽ സൈനികർ വിന്യസിച്ചിരുന്ന ഗാസ സിറ്റി ഭാഗത്തേക്ക് വ്യാഴാഴ്ച റോക്കറ്റ് വിക്ഷേപണം നടന്നതിന് പിന്നാലെയാണ് തിരിച്ചടി നടത്തിയതെന്നും IDF അറിയിച്ചു.
അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ സാധാരണക്കാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടുവെന്ന് ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ അഞ്ച് കുട്ടികൾ ഉൾപ്പെടുന്നു. 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെത്തുടർന്ന് തകർന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിക്കാത്ത ഇടങ്ങളിൽ ഇരകൾ കുടുങ്ങിക്കിടക്കുന്നതായും ആരോഗ്യ അധികൃതർ അറിയിച്ചു.
ഇസ്രായേൽ വധിച്ചതായി അവകാശപ്പെടുന്നവരിൽ ഒരാളായ മുഹമ്മദ് ഔവാദിന്റെ മരണം ഔദ്യോഗിക പലസ്തീൻ വാർത്താ ഏജൻസിയായ ‘വഫ’ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഔവാദ് ഹമാസ് നേതാവല്ലെന്നും സാധാരണ പൗരനാണെന്നുമാണ് ‘വഫ’ റിപ്പോർട്ട് ചെയ്യുന്നത്. ഈ വിഷയത്തിൽ ഹമാസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
















