സംസ്ഥാന സ്കൂൾ കലോത്സവ വേദിയുടെ പേരുകളിൽ നിന്ന് താമരയെ ഒഴിവാക്കിയ നടപടിയിൽ നിന്ന് പിന്മാറി വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. വേദി 15ന്റെ പേര് താമര എന്നാക്കിയതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഒരു വഴക്കിനും വാക്കേറ്റത്തിനും ഇല്ല. കലോത്സവം മികച്ച രീതിയിൽ നടക്കണമെന്നാണ് ആഗ്രഹമെന്നും വി. ശിവൻകുട്ടി പറഞ്ഞു. താമര വിവാദം ആക്കേണ്ട കാര്യം ഇല്ല. കുഞ്ഞുമക്കൾ പങ്കെടുക്കുന്ന പരിപാടി വഴക്കും വക്കാണത്തിലും അല്ല നടത്തേണ്ടത്. വേദി 15ന് ഡാലിയ എന്നായിരുന്നു മുന്നേ നിശ്ചയിച്ച പേര്. അത് മാറ്റി താമര എന്നാക്കിയിട്ടുണ്ട്. ആർക്കും വഴങ്ങിയിട്ടല്ല മാറ്റം. വിവാദം തീർക്കാനാണ് ശ്രമിക്കുന്നതെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.
പൂക്കളുടെ പേരുകള്‍ വേദികള്‍ക്ക് നൽകിയപ്പോള്‍ താമര മനപ്പൂര്‍വം ഒഴിവാക്കിയെന്നാരോപിച്ച് ഇന്നലെ യുവമോര്‍ച്ച താമരയുമായി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ബിജെപിയുടെ ചിഹന്മായതിനാൽ ഒഴിവാക്കിയതാണെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻകുട്ടി വിശദീകരിച്ചത്. അതേസമയം, ദേശീയ പുഷ്പമാണ് താമരയെന്നും അത് ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് യുവമോര്‍ച്ച പ്രതിഷേധിച്ചത്.
സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി, ശംഖുപുഷ്പം, ചെമ്പകം, മന്ദാരം, കനകാംബരം, ഗുൽമോഹര്‍, ചെമ്പരത്തി, കര്‍ണികാരം, നിത്യകല്ല്യാണി, പനിനീര്‍പ്പു, നന്ത്യാര്‍വട്ടം, ഡാലിയ, വാടാമല്ലി, മുല്ലപ്പൂവ്, ആമ്പൽപ്പൂവ്, തുമ്പപ്പൂവ്, കണ്ണാന്തളി, പിച്ചകപ്പൂ, ജമന്തി, തെച്ചിപ്പൂവ, താഴമ്പൂ, ചെണ്ടുമല്ലി തുടങ്ങിയ 25 പൂക്കളുടെ പേരുകള്‍ 25 വേദികള്‍ക്കായി നൽകിയപ്പോള്‍ താമര മാത്രം ഒഴിവാക്കിയതിനെതിരെയായിരുന്നു പ്രതിഷേധം.
















