കരിയറിൽ മികച്ച തീരുമാനം എടുക്കുന്ന താരമാണ് ദുൽഖർ സൽമാൻ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് നടൻ. ഇതുവരെ ദുൽഖർ ഉപേക്ഷിച്ച സിനിമകൾ എല്ലാം ബോസ്‌ഓഫീസിൽ പരാജയപ്പെട്ടിട്ടേയുള്ളു. അതുകൊണ്ട് തന്നെ സിനിമകളിൽ നിന്നുള്ള നടന്റെ പിന്മാറ്റങ്ങളും പലപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ സുധ കൊങ്കരയുടെ ‘പരാശക്തി’യിൽ നിന്നും ദുൽഖർ പിന്മാറിയത് എന്തുകൊണ്ടും നന്നായെന്നാണ് ഇപ്പോൾ വരുന്ന പ്രതികരണങ്ങൾ.

പരാജയങ്ങളെ മുൻകൂട്ടി കാണാൻ താരത്തിന് പ്രത്യേക കഴിവുണ്ടോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. സിനിമയിൽ ഭാഗ്യം എന്നതിനേക്കാൾ ഉപരി കൃത്യമായ തിരക്കഥാ ബോധമാണ് ഒരു നടനെ വിജയപഥത്തിൽ എത്തിക്കുന്നത്. ദുൽഖർ സൽമാന്റെ കാര്യത്തിൽ ഇത് അക്ഷരംപ്രതി ശരിയാവുകയാണ്. വലിയ ഹൈപ്പിലെത്തിയ തമിഴ് ചിത്രങ്ങളായ ‘ഇന്ത്യൻ ടു’വും ‘തഗ് ലൈഫും’ ‘പരാശക്തി’യും ബോക്സ് ഓഫിസിൽ പതറുമ്പോൾ, ആരാധകർ പ്രശംസിക്കുന്നത് ഈ ചിത്രങ്ങളിൽ നിന്ന് പിന്മാറാനുള്ള ദുൽഖറിന്റെ ദീർഘവീക്ഷണത്തെയാണ്.

കമല്‍ഹാസൻ നായകനായ ‘ഇന്ത്യൻ 2’ എന്ന വമ്പൻ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിനായി ദുൽഖറിനെ സമീപിച്ചിരുന്നു. എന്നാൽ മറ്റ് സിനിമകളുടെ തിരക്ക് കാരണം ദുൽഖർ ഈ പ്രോജക്റ്റ് വേണ്ടെന്ന് വയ്കുകയായിരുന്നു. മണിരത്നം-കമൽഹാസൻ കൂട്ടുകെട്ട് 37 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്നതായിരുന്നു ‘തഗ് ലൈഫി’ന്റെ ഏറ്റവും വലിയ ആകർഷണം. ചിത്രത്തിൽ ചിമ്പു ചെയ്ത വേഷത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് ദുൽഖറിനെയായിരുന്നു. താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ വരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

എന്നാൽ തിരക്കുകൾ കാരണം ദുൽഖർ ഈ പ്രോജക്റ്റിൽ നിന്ന് പിന്മാറിയപ്പോൾ അത് കരിയറിലെ വലിയ നഷ്ടമാണെന്ന് പലരും കരുതി. എന്നാൽ ചിത്രം റിലീസായതോടെ കഥ മാറി. ഈ സിനിമയിൽ നിന്ന് മാറി ദുൽഖർ ചെയ്ത ‘ലക്കി ഭാസ്കർ’ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുകയും തെലുങ്കിൽ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരങ്ങളിൽ പ്രത്യേക പരാമർശം നേടുകയും ചെയ്തു.
സുധ കൊങ്കര സംവിധാനം ചെയ്ത ‘പരാശക്തി’ എന്ന ശിവ കാർത്തികേയന്റെ ഏറ്റവും പുതിയ സിനിമയുടെയും അവസ്ഥ സമാനമാണ്. ആദ്യം ‘സൂര്യ 43’ എന്ന പേരിൽ സൂര്യയെ നായകനാക്കി പ്ലാൻ ചെയ്ത ഈ ചിത്രത്തിൽ സൂര്യയ്‌ക്കൊപ്പം ദുൽഖർ സൽമാൻ, നസ്രിയ, വിജയ് വർമ എന്നിവരായിരുന്നു അണിനിരക്കേണ്ടിയിരുന്നത്. എന്നാൽ ഡേറ്റ് പ്രശ്നങ്ങൾ പറഞ്ഞ് സൂര്യയും പിന്നാലെ ദുൽഖറും നസ്രിയയും ചിത്രത്തിൽ നിന്ന് പിന്മാറി. ഒടുവിൽ ശിവകാർത്തികേയൻ, അഥർവ മുരളി, ശ്രീലീല, ജയം രവി എന്നിവരെ വെച്ച് സിനിമ പൂർത്തിയാക്കി റിലീസ് ചെയ്തപ്പോൾ ലഭിക്കുന്നത് തികച്ചും നിരാശാജനകമായ പ്രതികരണങ്ങളാണ്. കഥയിലെ പാളിച്ചകളും വൈകാരികതയില്ലാത്ത തിരക്കഥയും കാരണം ‘പരാശക്തി’യും ‘തഗ് ലൈഫും’ ‘ഇന്ത്യൻ ടു’വും സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം നേരിടുമ്പോൾ “ദുൽഖർ ശരിക്കും ബുദ്ധിമാനാണെന്നും പരാജയപ്പെടാൻ സാധ്യതയുള്ള സിനിമകളെ അദ്ദേഹം മുൻകൂട്ടി കാണുന്നുണ്ടെന്നും”, ‘ദുൽഖർ ആണ് യഥാർഥ ഇലുമിനിറ്റിയെന്നും’ ആരാധകർ വാദിക്കുന്നു. സൂര്യയും ദുൽഖറും നസ്രിയയും ഈ ചിത്രത്തിൽ നിന്ന് പിന്മാറിയത് കരിയറിലെ ഏറ്റവും മികച്ച തീരുമാനമാണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ സൂചിപ്പിക്കുന്നത്. വലിയ സംവിധായകർക്കും ബാനറുകൾക്കും പിന്നാലെ പോകാതെ, തിരക്കഥയ്ക്ക് പ്രാധാന്യം നൽകുന്ന ദുൽഖറിന്റെ ശൈലി അദ്ദേഹത്തെ വീണ്ടും വീണ്ടും വിജയങ്ങളിലേക്ക് നയിക്കുകയാണ് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
















