സന്തോഷ് പണ്ഡിറ്റ് പ്രധാന വേഷത്തിൽ എത്തുന്ന ‘ശാർദൂല വിക്രീഡിതം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. രാജേഷ് കാർത്തി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ശാർദൂല വിക്രീഡിതം. ചിത്രത്തിൽ ഡോൺ ബാബുരാജ് എന്ന കഥാപാത്രമായിട്ടാണ് താരം എത്തുന്നത്.
വേറിട്ട ലുക്കിലാണ് സന്തോഷ് പണ്ഡിറ്റ് സിനിമയിലെത്തുന്നത്. ഒന്നിലധികം ലുക്കുകളിൽ പ്രത്യക്ഷപ്പെടുന്ന സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ട്രെയിലറിന്റെ ആകർഷണം. ഡോൺ ബാബുരാജ് ആയി ഗംഭീര പ്രകടനമാണ് സന്തോഷ് പണ്ഡിറ്റ് കാഴ്ച വയ്ക്കുന്നത് എന്നതിന്റെ സൂചനകൾ നൽകുന്നതാണ് ട്രെയിലർ. തോക്കു ചൂണ്ടി വെടിയുതിർക്കുന്ന ഡോൺ ആയി ഗംഭീര മേക്കോവറിലാണ് സന്തോഷ് പണ്ഡിറ്റിന്റെ എൻട്രി.
ഫോണിലൂടെ സംസാരിച്ച് അനന്തതയിലേക്ക് തീ പാറുന്ന നോട്ടമെറിയുന്ന സന്തോഷ് പണ്ഡിറ്റിനെയും ട്രെയിലറിൽ കാണാം. ‘ഞാൻ ശതകങ്ങൾക്കു മുൻപെ പിറന്നവൻ’ എന്നാണ് തന്റെ കഥാപാത്രത്തെക്കുറിച്ച് ട്രെയിലറിൽ പറയുന്ന മാസ് ഡയലോഗ്. ‘നിന്റെ ഹൃദയമിടിപ്പ് വേഗത്തിലാകുന്നു. ഏത് ഇരുട്ടിലും നിന്നിലേക്ക് ആഴ്ന്നിറങ്ങാനുള്ള എന്റെ പല്ലുകൾക്കുള്ള ക്ഷണപത്രികയാണ് ഇരട്ടിപ്പിക്കുന്ന ആ മിടിപ്പുകൾ,’ സന്തോഷ് പണ്ഡിറ്റിന്റെ ശബ്ദത്തിലുള്ള ഈ ഡയലോഗിലൂടെ കഥാപാത്രത്തിന്റെ റേഞ്ച് വ്യക്തമാക്കുന്നുണ്ട് താരം.
അധോലോകനായകനായി മാസ് എൻട്രി നടത്തുന്ന സന്തോഷ് പണ്ഡിറ്റിനെ ആരാധകർ കയ്യടികളോടെയാണ് സ്വീകരിക്കുന്നത്. ‘വിമർശകരെ വായടിപ്പിച്ചു കൊണ്ട് സന്തോഷേട്ടന്റെ തിരിച്ചുവരവ്’ എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രകടനം കണ്ട് ഒരു ആരാധകൻ കുറിച്ചത്. ‘സന്തോഷേട്ടാ അടിച്ചു കേറി വായോ’ എന്നും ആരാധകർ കുറിക്കുന്നു.
‘ഇത് കത്തും. പണി അറിയുന്ന ആരോ ടീമിൽ കേറിയിട്ടുണ്ട്’ എന്നാണ് ട്രെയിലർ കണ്ട് ഒരു ആരാധകൻ കുറിച്ചത്. ഒരു നടൻ എന്ന നിലയിൽ സന്തോഷ് പണ്ഡിറ്റിനെ ഉപയോഗപ്പെടുത്തുന്ന സിനിമകൾ വന്നിട്ടില്ലെന്ന അഭിപ്രായം നിലനിൽക്കേയാണ് ‘ശാർദൂല വിക്രീഡിതം’പ്രേക്ഷകരിലേക്ക് എത്തുന്നത്. വിൻറീൽസ് ഡിജിറ്റലിന്റെ ബാനറിൽ ജിബ്നു ചാക്കോ ജേക്കബ് ആണ് ചിത്രത്തിന്റെ നിർമാണം. ‘അധികാരം നൽകുന്നില്ല, ഭയം പഠിപ്പിക്കുന്നില്ല, അത് ഏറ്റെടുക്കപ്പെടുന്നു’ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നതും സന്തോഷ് പണ്ഡിറ്റ് തന്നെ.
മലയാള സിനിമയിൽ സ്വയമൊരു ‘ബ്രാൻഡ്’ ആയ താരമാണ് സന്തോഷ് പണ്ഡിറ്റ്. വിമർശനങ്ങളും ട്രോളുകളും അതിജീവിച്ച് ചെറിയ ബജറ്റിൽ സിനിമയൊരുക്കി അവ തിയറ്റർ വിജയമാക്കിയ പശ്ചാത്തലമുണ്ട് താരത്തിന്. നെഗറ്റിവ് പബ്ലിസിറ്റിയിലൂടെ ജനശ്രദ്ധ നേടിയ താരം പിന്നീട് വാർത്തകളിൽ നിറഞ്ഞത് ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും സാമൂഹികരാഷ്ട്രീയ വിഷയങ്ങളിലെ തന്റെ നിലപാടുകൾ കൊണ്ടുമാണ്.
















