നടി അഭിരാമിയോട് ക്രഷ് ഉണ്ടായിരുന്നുവെന്ന സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്റെ വെളിപ്പെടുത്തലും, തട്ടത്തിന്‍ മറയത്തിലെ സൂപ്പര്‍ഹിറ്റ് പാട്ട് അഭിരാമി ആലപിക്കുന്നതുമായ ത്രോബാക്ക് വീഡിയോയും ശ്രദ്ധ നേടുന്നു. മലയാളികളുടെ പ്രിയ നടിയും അവതാരകയുമായ അഭിരാമിയ്ക്ക് 90കളുടെ അവസാനം മുതല്‍ തന്നെ വലിയൊരു ആരാധകവൃന്ദമുണ്ട്. പ്രേക്ഷകര്‍ മാത്രമല്ല, മലയാള സിനിമയിലെ മുന്‍നിര സംഗീത സംവിധായകരില്‍ ഒരാളായ ഷാന്‍ റഹ്മാനും ഒരു കാലത്ത് അഭിരാമിയുടെ കടുത്ത ആരാധകനായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന ത്രോബാക്ക് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൂപ്പര്‍ സ്റ്റാര്‍ റിയാലിറ്റി ഷോയുടെ വേദിയില്‍ അഭിരാമി അതിഥിയായി എത്തിയപ്പോഴായിരുന്നു ഷാന്‍ റഹ്മാന്‍ തന്റെ പഴയ ‘ക്രഷി’നെക്കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞത്.
‘എനിക്ക് അഭിരാമിയോട് വലിയൊരു ക്രഷ് ഉണ്ടായിരുന്നു. ‘മെര്‍ക്കാറ’ എന്ന ചിത്രം കണ്ടപ്പോള്‍ അഭിരാമിയെ തന്നെ നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അടുത്തിടെ അഭിരാമിയുടെ കോള്‍ വന്നപ്പോള്‍ ശരിക്കും സന്തോഷമായി. ‘മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളില്‍’ എന്ന പാട്ട് പാടി അഭിരാമി എനിക്കൊരു വീഡിയോ അയച്ചു തന്നപ്പോള്‍ ആ സന്തോഷം ഇരട്ടിയായി. ഈ കാണുന്നതൊന്നും നോക്കേണ്ട, മള്‍ട്ടി ടാലന്റഡ് ആയൊരു ആളാണ് ആ നില്‍ക്കുന്നത്,’
- ഷാനിന്റെ വാക്കുകള്‍ ഇങ്ങനെ
ഷാനിന്റെ ഈ സ്‌നേഹവാക്കുകള്‍ക്ക് മറുപടിയായി, തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഷാന്‍ റഹ്മാന്‍ ഗാനമായ ‘തട്ടത്തിന്‍ മറയത്ത്’ എന്ന ചിത്രത്തിലെ ‘മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളില്‍’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം അഭിരാമി ആ വേദിയില്‍ വെച്ച് മനോഹരമായി ആലപിക്കുകയും ചെയ്തു.
1981 ജൂലൈയില്‍ തിരുവനന്തപുരത്തുള്ള ഒരു തമിഴ് കുടുംബത്തില്‍ ദിവ്യ ഗോപകുമാര്‍ എന്ന പേരില്‍ ജനിച്ച അഭിരാമി, അടൂര്‍ ഗോപാലകൃഷ്ണന്റെ ‘കഥാപുരുഷന്‍’ എന്ന ചിത്രത്തിലൂടെ ബാലനടിയായാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. ‘പത്രം’, ‘ഞങ്ങള്‍ സന്തുഷ്ടരാണ്’, ‘ശ്രദ്ധ’ തുടങ്ങിയ ചിത്രങ്ങളിലൂടെ നായികയായി ഉയര്‍ന്ന താരം മലയാളത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവര്‍ക്കൊപ്പം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തമിഴില്‍ പ്രഭു, ശരത്കുമാര്‍, അര്‍ജ്ജുന്‍ തുടങ്ങിയവര്‍ക്കൊപ്പം തിളങ്ങിയ താരം 2004-ല്‍ കമല്‍ഹാസന്റെ എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രമായ ‘വിരുമാണ്ടി’യില്‍ അഭിനയിച്ച് ദക്ഷിണേന്ത്യയൊട്ടാകെ തരംഗമായി. തെലുങ്ക്, കന്നഡ സിനിമകളിലും അഭിരാമി സാന്നിധ്യമറിയിച്ചിട്ടുണ്ട്.
കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് താരം സിനിമയില്‍ നിന്ന് താത്കാലിക ഇടവേളയെടുത്ത് അമേരിക്കയിലേക്ക് മാറുന്നത്. ഒഹിയോയിലെ ‘കോളേജ് ഓഫ് വൂസ്റ്ററില്‍’ നിന്ന് സൈക്കോളജിയിലും കമ്മ്യൂണിക്കേഷനിലും ബിരുദം നേടിയ അഭിരാമി, അവിടെ ഒരു പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ഉദ്യോഗസ്ഥയായി ജോലി ചെയ്യുകയും ചെയ്തു. 2013-ല്‍ കമല്‍ഹാസന്‍ ചിത്രം ‘വിശ്വരൂപ’ത്തില്‍ നായിക പൂജ കുമാറിന് ശബ്ദം നല്‍കിക്കൊണ്ടാണ് അഭിരാമി ചലച്ചിത്രരംഗത്തേക്ക് തിരിച്ചെത്തുന്നത്. തുടര്‍ന്ന് സുരേഷ് ഗോപി നായകനായ ‘അപ്പോത്തിക്കിരി’ എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിലേക്കും ശക്തമായ തിരിച്ചുവരവ് നടത്തി.
പ്രശസ്ത സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന പവനന്റെ മകന്‍ രാഹുല്‍ പവനനാണ് അഭിരാമിയുടെ ഭര്‍ത്താവ്. വിവാഹശേഷവും അഭിനയത്തിലും അവതരണത്തിലും സജീവ സാന്നിധ്യമായി താരം പ്രേക്ഷകര്‍ക്ക് മുന്നിലുണ്ട്.
















