മൂന്നാമത്തെ പീഡനക്കേസിൽ മാവേലിക്കര സബ് ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഇതോടൊപ്പം രാഹുലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ പൊലീസും ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും.
യുവതി വിവാഹിതയാണെന്ന് അറിയാതെ സൗഹൃദത്തിൽ ആയെന്നാണ് ജാമ്യ ഹർജിയിലെ പ്രധാന വാദം. ഉഭയ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. തിരുവല്ലയിൽ ഹോട്ടൽ മുറി ബുക്ക് ചെയ്തത് യുവതിയാണെന്നും പ്രതിഭാഗം വാദിക്കുന്നു.
സമാനമായ മറ്റൊരു കേസിൽ അറസ്റ്റ് തടഞ്ഞ കോടതി വീണ്ടും മറ്റൊരു പരാതിയിലൂടെ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടെന്നാണ് രാഹുലിന്റെ അഭിഭാഷകരുടെ വാദം. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാൽ സെഷൻസ് കോടതിയെ സമീപിക്കും.
അതേസമയം രാഹുലിന്റെ ഉറ്റ സുഹൃത്ത് ഫെനി നൈനാനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താനുള്ള ആലോചന എസ്ഐടിക്ക് ഉണ്ട്. എല്ലാ കാര്യങ്ങളും ഫെനിക്ക് അറിയാം എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അന്വേഷണസംഘം കഴിഞ്ഞദിവസം രാത്രി തിരുവല്ലയിലെ ഹോട്ടലിലെത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചു.
















