മകരവിളക്ക് മഹോത്സവത്തിനായി അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്ക് വാഹക സംഘം തിരുവാഭരണങ്ങൾ ശിരസ്സിലേറ്റുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.
മരുതമനയിൽ ശിവൻകുട്ടിയാണ് ഇത്തവണ മുതൽ വാഹകസംഘത്തിന് നേതൃത്വം നൽകുന്ന ഗുരുസ്വാമി. പരമ്പരാഗതമായി ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കുന്നതോടെയാണ് ഘോഷയാത്ര പ്രയാണം ആരംഭിക്കുക.
ഇന്ന് രാവിലെ വരെ പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ ഭക്തജനങ്ങൾക്ക് തിരുവാഭരണങ്ങൾ കണ്ടുതൊഴാനുള്ള സൗകര്യമുണ്ടായിരിക്കും.
വരും ദിവസങ്ങളിൽ വിവിധ ഇടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ബുധനാഴ്ച വൈകിട്ടാണ് തിരുവാഭരണം സന്നിധാനത്തെത്തുക. തുടർന്ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും.
അതേസമയം, മകരവിളക്ക് ദിനത്തിലെ തിരക്ക് കണക്കിലെടുത്ത് ഭക്തരുടെ എണ്ണത്തിൽ ഹൈക്കോടതി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
















