ദേശീയപാതയിൽ കാസർഗോഡ് കുമ്പള ആരിക്കാടിയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ വൻ പ്രതിഷേധം. മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷ്റഫ് ഉൾപ്പെടെയുള്ള നിരവധി സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഇന്ന് രാവിലെ എട്ട് മണി മുതൽ ടോൾ പിരിവ് ആരംഭിക്കുമെന്നുള്ള പ്രഖ്യാപനത്തെ തുടർന്നാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികളും രാഷ്ട്രീയ നേതാക്കളും അടങ്ങുന്ന വലിയൊരു സംഘം പ്രതിഷേധവുമായി രംഗത്തെത്തിയത്.
സമരക്കാർ ദേശീയപാതയിൽ റോഡ് ഉപരോധിച്ചതോടെ മണിക്കൂറുകളോളം ഗതാഗതം പൂർണമായി സ്തംഭിച്ചു. യാത്രക്കാരും വാഹനങ്ങളും ഏറെ നേരം വഴിയിൽ കുടുങ്ങി. പ്രതിഷേധം ശക്തമായതോടെ പോലീസ് സ്ഥലത്തെത്തി സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. റോഡിൽ കിടന്നും മറ്റുമുള്ള കനത്ത പ്രതിഷേധമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചത്.
ടോൾ പിരിവ് അന്യായമാണെന്നും നിയമപരമായി നിലനിൽക്കാത്തതാണെന്നും എം.എൽ.എ. എ.കെ.എം. അഷ്റഫ് ആരോപിച്ചു. ടോൾ പിരിവുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നിലനിൽക്കെയാണ് അധികൃതർ തിടുക്കപ്പെട്ട് നടപടിയുമായി മുന്നോട്ട് വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “നിരന്തരമായ സമരത്തിലൂടെ ഈ ടോൾഗേറ്റ് പൂട്ടിക്കും. അറസ്റ്റ് ചെയ്തു നീക്കിയാലും വൈകുന്നേരം വീണ്ടും സമരം നടത്തും” – അറസ്റ്റിന് മുൻപായി എം.എൽ.എ. മാധ്യമങ്ങളോട് പ്രതികരിച്ചു.
















