രാജസ്ഥാനിലെ അജ്മീറില്‍ മാര്‍ബിള്‍ ബിസിനസ്സിന് പേരുകേട്ട നഗരമാണ്. കോടികള്‍ ഒഴുകുന്ന നഗരത്തിലെ മാര്‍ബിള്‍ ബിസിനസ്സില്‍ പ്രധാനിയാണ് ദുര്‍ഗാ പ്രസാദ്. അദ്ദേഹത്തിന്റെ ഏകമകന്‍ ഭവാനി ശങ്കര്‍ മാര്‍ബിള്‍ ബിസിനസ്സില്‍ സഹായിയായി തുടങ്ങി. പിന്നെ ബിസിനസ്സിന്റെ തന്ത്രങ്ങള്‍ പഠിച്ച് വികസിച്ചു. കല്യാണത്തിനു ശേഷം സ്വന്തം നിലയ്ക്ക് ബിസിനസ്സ് തുടങ്ങി. പതിയെ വള്‍ച്ചയുടെ പാതയിലേക്ക് എത്തി. അപ്പോഴും അച്ഛനുമായുള്ള ബിസിനസ്സ് കൂട്ടുകെട്ട് മകന് എന്നും അടിത്തറയായിരുന്നു. ഭവാനി ശങ്കറിന്റെ ഭാര്യ, നിധി സാമ്പത്തിക കാര്യത്തിലും, സ്വത്തുക്കള്‍ കൂടുതല്‍ വേണമെന്നതിലും അതിയായ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന സ്ത്രീയായിരുന്നു. ഈ ഒരൊറ്റ കാരണം കൊണ്ട് ഭവാനി ശങ്കര്‍ അച്ഛനുമായി ബിസിനസ്സില്‍ ഇടഞ്ഞു. തര്‍ക്കങ്ങള്‍ സാമ്പത്തിക ഭദ്രതയെ ഉലക്കുമെന്നു കണ്ട് മകനെ മകന്റെ വഴിക്കു വിട്ടു.
അങ്ങനെ ഭവാനി ശങ്കറും നിധിയും അച്ഛനൊപ്പമള്ള താമസം അവസാനിപ്പിച്ച് അജ്മീറില്‍ നിന്നും കിലോമീറ്ററുകള്‍ ദൂരെയൊരു വീട്ടിലേക്ക് മാറി. ഭവാനി ശങ്കറിന്റെ കുടുംബവുമായി യാതൊര ബന്ധവും ഇല്ലാതെയാണ് പിന്നീടുള്ള ബിസിനസ്സുള്‍ നടന്നത്. നിധിയാണ് ഭവാനി ശങ്കറിന്റെ സാമ്പത്തിക കാര്യങ്ങള്‍നോക്കിയിരുന്നതും. മകന്റെ കാര്യങ്ങളില്‍ പിന്നീട് അച്ഛന്‍ ദുര്‍ഗാപ്രസാദ് വലിയ താല്‍പ്പര്യവും കാട്ടിയിരുന്നില്ല. പക്ഷെ, മകന് ബിസിനസ്സിന്റെ വശങ്ങള്‍ അറിയാമായിരുന്നു എന്ന് അച്ഛന് ബോധ്യമുണ്ടായിരുന്നു. പരാജയമുണ്ടാകില്ലെന്ന് ഉറപ്പാണ്, എന്നാല്‍ ചതി ഉണ്ടായാല്‍ സത്യസന്ധനായ മകന്‍ പെട്ടു പോകുമെന്ന ആശങ്കയുണ്ടായിരുന്നു.
2003 ഏപ്രില്‍ 30ന് പുലര്‍ച്ചെ ദുര്‍ഗാ പ്രസാദിന്റെ കണ്ണില്‍ ഒരു വാര്‍ത്ത തറച്ചു കയറി. കലപെരുക്കും പോലെ തോന്നിക്കുന്ന ആ വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ നിന്നും എന്തോ സംശയം തോന്നിയിരിക്കുന്നു. പെട്ടെന്ന് ഫോണെടുത്ത് പോലീസ് സ്‌റ്റേഷനിലേക്കു വിളിക്കുന്നു. പോലീസിന്റെ മറുപടിക്കു കാത്തു നില്‍ക്കാതെ ദുര്‍ഗാ പ്രസാദ് കാരുമായി സ്റ്റേഷനിലെത്തി. തുടര്‍ന്ന് തന്റെ സംശയ നിവാരണത്തിനായി അതു കണ്ടു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചു. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന മനുഷ്യന്റെ കത്തിക്കരിഞ്ഞ തലയും, തല വേര്‍പെട്ട ബോഡിയും കണ്ടു. ദുര്‍ഗാ ശങ്കറിന് ഒരു നോക്കു കാണാനേ കഴിഞ്ഞുള്ളൂ. പിണങ്ങപ്പോയ മകന്റെ തലയും ഉടലും കണ്ട അച്ഛന്റെ ദുരവസ്ഥ പറഞ്ഞറിയിക്കാനാവില്ല.
തളര്‍ന്നിരുന്നു പോയ ദുര്‍ഗാ പ്രസാദിന്റെ മൊഴിയെടുത്തു. വീട്ടിലേക്കയച്ചു. തുടര്‍ന്നാണ് പോലീസിന്റെ അന്വേ,ണം ഊര്‍ജ്ജിതമായത്. ഭവാനി ശങ്കറിന്റെ കൊലപാതകത്തിന് തുമ്പു കണ്ടെത്താനായിരുന്നു ആദ്യ ശ്രമം. കൊല്ലപ്പെട്ടത് ആരാണെന്നു പോലുമറിയാതെയാണ് പോലീസ് തലയും ഉടലും കണ്ടെത്തി, പോസ്റ്റുമോര്‍ട്ടം നടത്തിയത്. എന്നാല്‍, പോസ്റ്റു മോര്‍ട്ടത്തില്‍ തെളിഞ്ഞ ഒരു തുമ്പുമായി മുന്നോട്ടു പോകുമ്പോഴാണ് ദുര്‍ഗാ പ്രസാദ് പോലീസിനെ വിളിക്കുന്നതും ബോഡി തിരിച്ചറിയുന്നതും. എന്താണ് ഭവാനി ശങ്കറിന് സംഭവിച്ചത് ?. ആരാണ് ഭവാനി ശങ്കറിന്റെ കൊലപാതകി ?. ഈ ചോദ്യങ്ങള്‍ക്ക് പിന്നീട് പോലീസിന്റെ അന്വേഷണം കൃത്യമായ ഉത്തരം നല്‍കി.
2003 ഏപ്രില്‍ 28ന് രാജസ്ഥാന്‍ അജ്മീറിലെ ഒരു തെളിഞ്ഞ വൈകുന്നേരം. സവാര്‍ പോലീസ് സ്റ്റേഷനിലെ ഫോണ്‍ ബെല്ലടിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുരേന്ദ്ര സിംഗ് കോളെടുക്കുന്നു. മറുതലയ്ക്കല്‍ ഭയന്നുവിറച്ച ഒരു ശബ്ദം. ജസന്ത്പുര ഗ്രാമത്തിനടുത്തു കൂടി ഒഴുകുന്ന ബനാസ് നദിയുടെ തീരത്ത്, കത്തിക്കരിഞ്ഞ നിലയില്‍ ഒരു മനുഷ്യന്റെ തല കിടക്കുന്നു എന്നായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞത് പാതിയും സുരേന്ദ്ര സംഗിന് മനസ്സിലായില്ല. പക്ഷെ, ഒരാളുടെ ജഡം കിടപ്പുണ്ടെന്നാണ് പറഞ്ഞതെന്ന് പോലീസ് ബുദ്ധിയില്‍ തെളിഞ്ഞു. ഉടന്‍ പോലീസ് സംഘം സ്ഥലത്തെത്തി. ബനാസ് നദിക്ക് കുറുകെയുള്ള പാലത്തിന്റെ പതിനൊന്നാം നമ്പര്‍ തൂണിന് താഴെ ചോരപുരണ്ട ഒരു ബാഗ് കിടപ്പുണ്ടായിരുന്നു.
അതിനടുത്ത് തന്നെ കത്തിക്കരിഞ്ഞ നിലയില്‍ ആ തലയും. ഉഠല്‍ അവിടെങ്ങും ഉണ്ടായിരുന്നില്ല. പരിസരം മുഴുവന്‍ അരിച്ചുപെറുക്കിയ പോലീസ്, രണ്ട് കിലോമീറ്റര്‍ മാറി നദീതീരത്തെ ഒരു കലുങ്കിനടിയില്‍ നിന്നും ചോരയില്‍ കുതിര്‍ന്ന ഷര്‍ട്ടും ബെഡ്ഷീറ്റും പ്ലാസ്റ്റിക് കവറുകളും കണ്ടെടുത്തു. അവിടെയും തലയുടെ ബാക്കി ഭാഗം കണ്ടെത്താനായില്ല. പിന്നീട്, അവിടുത്തെ നാട്ടുകാരുടെ സഹായത്തോടെ സമീപ പ്രദേശങ്ങളില്‍ വലിയ തിരച്ചില്‍ നടത്തി. ആ തിരച്ചിലില്‍ ബജ്‌റംഗ് എന്നയാളുടെ പുരയിടത്തില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കിണറ്റില്‍ നിന്നും വലിയ തുണിക്കെട്ട് കണ്ടെത്തി. അത് തലവെട്ടി മാറ്റപ്പെട്ട നിലയിലുള്ള ഒരു പുരുഷന്റെ ശരീര ഭാഗമായിരുന്നു. അതിലും തീപ്പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. പല കഷ്ണങ്ങളാക്കപ്പെട്ട ശരീരം തുണികള്‍ കൊണ്ട് പൊതിഞ്ഞാണ് കിണറ്റിലിട്ടിരുന്നത്.
ഞെട്ടിക്കുന്ന കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് പോലീസ് ഉറപ്പിച്ചു. പക്ഷെ, ആരാണ് മരിച്ചതെന്ന് തിരിച്ചറിയാന്‍ ഒരു വഴിയുമില്ല. മരിച്ചയാളുടെ മുഖം തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കിയിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ സുപ്രധാനമായ ഒരു കണ്ടെത്തല്‍ നടത്തി. മരിച്ചയാളുടെ മുഖത്ത്, കണ്ണിനും താടിയെല്ലിനും ഇടയില്‍ ഒരു ശസ്ത്രക്രിയ നടന്നിട്ടുണ്ട്. അവിടെ ഒരു സ്റ്റീല്‍ വയര്‍ (Steel Wire) ഘടിപ്പിച്ചിരിക്കുന്നു.
?ഈ വിവരം വെച്ച് മെയ് 4ന് പോലീസ് പത്രത്തില്‍ ഒരു പരസ്യം നല്‍കി. ജസന്ത്പുരയില്‍ നിന്നും ലഭിച്ച അജ്ഞാത മൃതദേഹത്തിന്റെ മുഖത്ത് ശസ്ത്രക്രിയ ചെയ്ത് സ്റ്റീല്‍ വയര്‍ ഇട്ടിട്ടുണ്ട് എന്ന വിവരം ആ വാര്‍ത്തയില്‍ പ്രത്യേകം പറഞ്ഞിരുന്നു.
ഈ സംശയകരമായ വാര്‍ത്തായാണ് അജ്മീറിലെ പ്രമുഖ മാര്‍ബിള്‍ ബിസിനസ്സുകാരനായ ദുര്‍ഗ്ഗാ പ്രസാദിന്റെ കണ്ണില്‍ ഉടക്കിയതും അദ്ദേഹം പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചതും. അദ്ദേഹത്തിന്റെ മകന്‍ ഭവാനി ശങ്കറിന് 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടായിരുന്നു. ഭവാനി ശങ്കറിന്റെ മുഖത്ത് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ഹോസ്പിറ്റലിലെ ഡോക്ടര്‍ ശിവശങ്കര്‍ സാഹ ഇത്തരമൊരു ശസ്ത്രക്രിയ നടത്തിയിരുന്നു. ആ സംശമാണ് ദുര്‍ഗ്ഗാ പ്രസാദിനെ പോലീസിനെ സമീപിക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചതും, മൃതദേഹം തിരിച്ചറിയാന്‍ പോയതും. ആ മൃതദേഹം തന്റെ മകന്‍ ഭവാനി ശങ്കറിന്റേതാണെന്ന് അദ്ദേഹം തിരിച്ചറിയുകയും ചെയ്തു. ഇതോടെയാണ് പോലീസ് അന്വേഷണം ഭവാനി ശങ്കറിന്റെ കുടുംബത്തിലേക്കും, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഭാര്യ നിധിയിലേക്കും തിരിച്ചത്.
അജ്മീറില്‍ നിന്നും 33 കിലോമീറ്റര്‍ അകലെയുള്ള കിഷന്‍ഗഡ് എന്ന സിറ്റിയിലായിരുന്നു ഭവാനി ശങ്കറും ഭാര്യ നിധിയും രണ്ട് ആണ്‍മക്കളും താമസിച്ചിരുന്നത്. ഭര്‍ത്താവിനെ കാണാതായിട്ടും പോലീസില്‍ പരാതി നല്‍കാനോ അന്വേഷിക്കാനോ നിധി തയ്യാറായിരുന്നില്ല എന്നത് പോലീസിന്റെ സംശയം വര്‍ദ്ധിപ്പിച്ചു. പോലീസ് അന്വേഷണത്തില്‍ ഭവാനി ശങ്കറിന്റെ ഡ്രൈവറും സുഹൃത്തുമായ അശോക് വൈഷ്ണവ് എന്നയാള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് തെളിഞ്ഞു. നിധിയും അശോകും ചേര്‍ന്നാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തി. സാമ്പത്തിക ബാധ്യതകളും, ഭര്‍ത്താവിനോടുള്ള വെറുപ്പും, സ്വത്ത് കൈക്കലാക്കാനുള്ള ആഗ്രഹവുമായിരുന്നു നിധിയെ ഇതിന് പ്രേരിപ്പിച്ചത്. അശോകിന് കാര്‍ വാങ്ങിയ വകയില്‍ വലിയൊരു കടമുണ്ടായിരുന്നു. ഭവാനിയെ കൊന്നാല്‍ പണം തരാമെന്ന് നിധി വാഗ്ദാനം ചെയ്ത് കൂടെ നിര്‍ത്തി.
2003 ഏപ്രില്‍ 27ന് രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് നിധി ഭര്‍ത്താവിന് ജ്യൂസ് നല്‍കി. അതില്‍ അവള്‍ ഉറക്കഗുളികകള്‍ പൊടിച്ചു ചേര്‍ത്തിരുന്നു. ജ്യൂസ് കുടിച്ച് മയങ്ങിപ്പോയ ഭവാനി ശങ്കറിനെ അര്‍ദ്ധരാത്രിയോടെ എത്തിയ അശോക് വൈഷ്ണവ് കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊന്നു. മരണം ഉറപ്പാക്കിയ ശേഷം അവര്‍ ആ ശരീരം കഷണങ്ങളാക്കാന്‍ തീരുമാനിച്ചു. കഴുത്തറുത്ത് തല വേര്‍പെടുത്തി. തിരിച്ചറിയാതിരിക്കാന്‍ ആ തല അവര്‍ ഗ്യാസ് സ്റ്റൗവില്‍ വെച്ച് കത്തിക്കാന്‍ ശ്രമിച്ചു. പിന്നീട് ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കാറില്‍ കയറ്റി. കിലോമീറ്ററുകള്‍ സഞ്ചരിച്ച് ജസന്ത്പുരയിലെത്തി ബനാസ് നദിക്കരയില്‍ തലയെറിഞ്ഞു. പിന്നെ രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ ഒരു കലുങ്കിനടയിലും, ശരീര ഭാഗങ്ങള്‍ പൊട്ടക്കിണറ്റിലും തള്ളി. ഭര്‍ത്താവ് ബിസിനസ് ആവശ്യത്തിന് വിദേശത്തേക്കു പോയതാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു നിധിയുടെ ശ്രമം.
നിധിയുടെ ഡയറിയില്‍ നിന്നും ലഭിച്ച വിവരങ്ങളും, ഡ്രൈവര്‍ അശോകിന്റെ മൊഴിയും, ഡോക്ടര്‍ സാഹ നല്‍കിയ സര്‍ജറി വിവരങ്ങളും കേസന്വേഷത്തില്‍ നിര്‍ണ്ണായകമായി. സവാര്‍ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ സുരേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്തു. 2004 ജൂലൈ 30ന് കോടതി നിധിക്കും അശോകിനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി സ്വന്തം ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ നിധി ജയിലിലായി. എന്നാല്‍, 14 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2017ല്‍ നിധി പുറത്തിറങ്ങി. സ്വന്തം അച്ഛനെ കൊന്ന അമ്മയ്‌ക്കെതിരെ ആ രണ്ടു മക്കളും നിയമപോരാട്ടത്തിലാണ്. രാജസ്ഥാനിലെ മാര്‍ബിള്‍ നഗരത്തെ ഞെട്ടിച്ച ആ കൊലപാതകം നടത്തിയതു തന്നെ പണത്തിനോടുള്ള അത്യാര്‍ത്തിയായിരുന്നു. ഇപ്പോള്‍ അതേ ആര്‍ത്തിയോടെയാണ് നിധി, മക്കള്‍ക്കെതിരേയും നില്‍ക്കുന്നത്.
CONTENT HIGH LIGHTS; Bhavani Shankar’s ‘treasure’ was beheaded and burned in a stove: The rest of the head found on the banks of the Banas River was also in a broken well; The murder shocked the city of Marble
















