കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേന്ദ്ര അവഗണനക്കെതിരെയുള്ള സത്യാഗ്രഹ സമരത്തെ രൂക്ഷമായി വിമർശിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടക്കുന്ന സത്യാഗ്രഹം ‘കാപട്യവും കോമഡിയും’ ആണെന്ന് അദ്ദേഹം തുറന്നടിച്ചു. സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രി, നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തിന് നേരെ കേന്ദ്രം കാണിക്കുന്ന അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ചെറുവിരൽ അനക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിന് അർഹമായതൊന്നും കേന്ദ്രത്തിൽ നിന്നും നേടിയെടുക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പിണറായി സർക്കാർ അമ്പേ പരാജയമായിരുന്നു.
കേന്ദ്ര സർക്കാരിനെതിരെ നിലപാട് എടുക്കാതെ, തരം കിട്ടുമ്പോഴൊക്കെ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രസാദിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ പതിവ് എന്നും ചെന്നിത്തല പരിഹസിച്ചു. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്നു എന്ന വിമർശനമുള്ള പി.എം. ശ്രീ പദ്ധതിയിൽ അടക്കം ആരും അറിയാതെ ഡൽഹിയിൽ പോയി പഞ്ചപുച്ഛം അടക്കി ഒപ്പുവെച്ച് തിരിച്ചുപോന്ന ആളാണ് പിണറായി വിജയൻ.
കേന്ദ്രസർക്കാർ കുനിയാൻ പറയുമ്പോൾ ഇഴയുന്ന സർക്കാരാണ് പിണറായിയുടേതെന്ന് ജനം തിരിച്ചറിഞ്ഞതായി രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ തിരിച്ചടിയുടെ ഇളിഭ്യത മറയ്ക്കാനാണ് ഇപ്പോൾ കേന്ദ്രവിരുദ്ധ സമരം എന്ന ‘കോമഡിയുമായി’ മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ‘അന്തർധാര’ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. കേരളത്തോടുള്ള സ്നേഹമല്ല ഈ കേന്ദ്രവിരുദ്ധ സമരത്തിന് പിന്നിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളെ കബളിപ്പിക്കാനുള്ള ഈ നീക്കങ്ങൾ വിലപ്പോവില്ലെന്നും, ജനങ്ങൾ ഈ സർക്കാരിനെ തൂത്തെറിയുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
















