ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ഇതിനൊപ്പം തന്നെ തന്ത്രിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന അപേക്ഷയും പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയിൽ നൽകും.
സ്വർണ്ണ പാളികൾ കൈമാറിയതിലെ ഗൂഢാലോചനയിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
തന്ത്രിക്ക് ജാമ്യം നൽകുന്നതിനെ അന്വേഷണ സംഘം ശക്തമായി എതിർക്കുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ തന്റെ ആത്മീയ പരിവേഷവും ഉന്നത സ്വാധീനവും ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും ഇടയുണ്ടെന്ന് എസ്ഐടി പറയുന്നു.
ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം തട്ടിയ കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് എസ്ഐടി കടന്നിട്ടുണ്ട്.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണ്. ആചാര ലംഘനം നടത്തി ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും റിമാൻഡ് റിപ്പോര്‍ട്ടിൽ എസ്ഐടി വ്യക്തമാക്കുന്നു.
അറസ്റ്റിലായ തന്ത്രിയെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. അതിനാൽ ചോദ്യം ചെയ്യാനായിരുന്നില്ല. തന്ത്രിയെ ചോദ്യം ചെയ്യുന്നതിലൂടെ അന്വേഷണ സംഘത്തിന് തട്ടിപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ് പ്രതീക്ഷ.
















