പാർട്ടി ആവശ്യപ്പെട്ടപ്പോഴൊന്നും താൻ മാറിനിന്നിട്ടില്ലെന്നും ഇത്തവണയും പാർട്ടി നിർദ്ദേശിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്നും മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ. ജനങ്ങൾക്കിടയിൽ തനിക്ക് വിജയസാധ്യതയുള്ളതിനാലാണ് തന്റെ പേര് വീണ്ടും ഉയർന്നു കേൾക്കുന്നതെന്നും അർഹരായവർ മത്സരിക്കണമെന്നത് സ്വാഭാവികമായ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ താൻ സ്വയം ആവശ്യങ്ങൾ ഉന്നയിക്കാറില്ലെന്നും ജില്ലാ-സംസ്ഥാന കമ്മിറ്റികളാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും സുധാകരൻ പറഞ്ഞു. കഴിഞ്ഞ രണ്ട് എൽ.ഡി.എഫ് സർക്കാരുകളുടെയും ഭരണത്തെ താരതമ്യം ചെയ്തുള്ള ചർച്ചകൾ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. പാർട്ടിയാണ് സ്ഥാനങ്ങൾ നൽകുന്നതെന്നും അത് ആവശ്യപ്പെട്ട് വാങ്ങുന്ന രീതിയല്ല തന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.
















