മുതിര്‍ന്ന സിപിഐഎം നേതാവും കൊട്ടാരക്കര മുൻ എംഎല്‍എയുമായ ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാലയിട്ട് സ്വീകരിച്ചു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധ വേദിയില്‍ വെച്ചാണ് ഐഷ പോറ്റിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്.
പാർട്ടിയുടെ അഭിമാനമായി തുടരുന്നതിൽ അയിഷ പോറ്റിക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് കുടുംബത്തിലേക്ക് ക്ഷണിക്കുന്നതായി ദീപ ദാസ് മുൻഷി പറഞ്ഞു.
മൂന്നുതവണ കൊട്ടാരക്കര എം.എല്‍.എയായിയിരുന്നു. അഞ്ചുവര്‍ഷത്തോളമായി സി.പി.എമ്മുമായി അകല്‍ച്ചയിലാണ്. സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ഇവര്‍. ഐഷ പോറ്റിയെ സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി കലയപുരം ആശ്രയ സങ്കേതത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണത്തിനെത്തിയികുന്നു. അന്ന് ഐഷപോറ്റിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. സ്വാഗതം ആശംസിച്ച കോൺഗ്രസ് ഭാരവാഹി സി.എൻ.നന്ദകുമാർ ഐഷപോറ്റിയെ കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്തിരുന്നു.
എന്നാല്‍ കോൺഗ്രസിൽ ചേരാനല്ല എത്തിയതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിക്കാനാണെന്നായിരുന്നു അന്ന് ഐഷ പറഞ്ഞത്. ഇവര്‍ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടന്നിരുന്നു.
2006ൽ മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ളയെ തോൽപിച്ചായിരുന്നു കൊട്ടാരക്കരയിൽ ഐഷ പോറ്റിയുടെ ആദ്യ ജയം. 2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു.
















