കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി മുൻ സിപിഐഎം എംഎൽഎ ഐഷ പോറ്റി. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച രാപ്പകൽ സമരവേദിയിൽ അപ്രതീക്ഷിതമായി എത്തിയാണ് ഐഷ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
പലതും തരണം ചെയ്താണ് ഇവിടെ വരെ എത്തിയതെന്നും ആർക്കും ദേഷ്യം തോന്നേണ്ടെന്നും ഐഷാ പോറ്റി വേദിയിൽ പറഞ്ഞു. കോൺഗ്രസ് പഴയ തറവാടാണെന്നും ഐഷ പറഞ്ഞു. കോൺഗ്രസിൽ ചേരുന്നതിൽ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപം ഉണ്ടാകും. എന്നാൽ അതിനെ മുഖവിലയ്ക്കെടുക്കുന്നില്ല. ഒരു അധികാര മോഹിയല്ല താൻ. എംഎൽഎ ആയിരുന്ന സമയത്ത് പിആർ വർക്ക് ചെയ്തിട്ടില്ല. ഐഷ പോറ്റി വക്കീൽ ഓഫീസിൽ ഒതുങ്ങരുതെന്ന് എല്ലാവരും പറഞ്ഞിരുന്നു. അധികാരത്തിൽ അസ്വസ്ഥതയില്ല. 25 കൊല്ലത്തോളം താൻ ജനപ്രതിനിധിയായിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇന്ന് സിപിഐഎമ്മിൽ. കുറച്ചുപേർ ചേർന്ന് എല്ലാം തീരുമാനിക്കുകയാണ്. ഒരുപാട് തിക്താനുഭവങ്ങൾ ഉണ്ടായി. അതെല്ലാം ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ഇനിയുണ്ടാകുന്ന വിമർശനങ്ങൾ തന്നെ ശക്തയാക്കുമെന്നും ഐഷ കൂട്ടിച്ചേർത്തു.
















