പീഡനങ്ങളും കൊലപാതകങ്ങളും നിത്യവാർത്തകളായി മാറിയ ഒരുകാലത്താണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ, കേരളത്തിന്റെ സാമൂഹിക മനസാക്ഷിയെ അപ്പാടെ ഉലച്ചുകളഞ്ഞ ഒന്നായിരുന്നു 2022-ൽ പുറത്തുവന്ന ‘പാർട്ണർ സ്വാപ്പിങ്’ അഥവാ പങ്കാളികളെ കൈമാറ്റം ചെയ്യുന്ന ക്രൂരമായ ഇടപാട്.
സ്നേഹവും സുരക്ഷിതത്വവും നൽകേണ്ട ഭർത്താവ് തന്നെ തന്റെ പകുതിയെ മറ്റൊരാൾക്ക് പങ്കുവെക്കാനുള്ള ചരക്കായി കാണുന്ന വൈകൃതം! സ്വന്തം ഭാര്യ തനിക്ക് മാത്രമുള്ളതാണെന്നും അവൾക്ക് സംരക്ഷണം നൽകേണ്ടത് താനാണെന്നും കരുതുന്ന പുരുഷന്മാർക്കിടയിൽ, അവളെയൊരു ‘വിൽപനച്ചരക്കായി’ കണ്ട് ചന്തയിൽ നിരത്തുന്ന പോലെ നൽകിയിരുന്ന ക്രൂരന്മാരുടെ ലോകം ഇവിടെയുണ്ടെന്ന ഞെട്ടിക്കുന്ന സത്യമാണ് അന്ന് പുറത്തുവന്നത്.
താലികെട്ടിയ പെണ്ണ് വെറുമൊരു കളിപ്പാവയാണെന്നും അവൾ ആർക്കും പങ്കുവെക്കാവുന്ന ഒന്നാണെന്നും വിശ്വസിച്ച ഒരു വലിയ മാഫിയയുടെ കഥയാണിത്. എന്നാൽ, തന്നെ ചന്തയിലെ പോലെ കൗതുകവസ്തുവാക്കാൻ ശ്രമിച്ച ഭർത്താവിനെതിരെ ധീരമായി പോരാടാനിറങ്ങിയ ഒരു പെണ്ണിന് ഒടുവിൽ നഷ്ടമായത് സ്വന്തം ജീവനായിരുന്നു. നിയമത്തിന് മുന്നിൽ കീഴടങ്ങാതെ വിഷം കഴിച്ച് അവൻ ഈ ലോകം വിട്ടുപോയപ്പോൾ, തോറ്റുപോയത് നിയമവ്യവസ്ഥയല്ല; മറിച്ച് ഒന്നുമറിയാത്ത രണ്ട് പിഞ്ചുകുഞ്ഞുങ്ങളാണ്. സ്വന്തം അച്ഛൻ അമ്മയെ കൊല്ലുന്നത് നേരിൽ കാണേണ്ടി വന്ന പിഞ്ചു കുഞ്ഞുങ്ങൾ.
2022-ലെ പുതുവത്സരദിനം. എന്നാൽ ആ സന്തോഷദിവസം ഒരാൾക്ക് മാത്രം സന്തോഷിക്കാനായില്ല ഷെറിന്റെ സഹോദരന്. തനിക് ലഭിച്ച ഒരു വീഡിയോ ക്ലിപ്പിൽ അവൻ കണ്ട മുഖവും അവൻ കേട്ട ശബ്ദവും തന്റെ പ്രിയ സഹോദരിയുടേതായിരുന്നു. കേരളത്തിൽ നടക്കുന്ന ‘പങ്കാളികളെ കൈമാറ്റം ചെയ്യൽ’ (Partner Swapping) എന്ന അതീവ രഹസ്യമായ, എന്നാൽ നികൃഷ്ടമായ ഒരു ഇടപാടിനെക്കുറിച്ചായിരുന്നു ആ വീഡിയോ. തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ അവൻ ഈ വിവരം തന്റെ അച്ഛനോട് പറഞ്ഞു. അത് കണ്ട ആ അച്ഛന്റെ ഉള്ളും പിടഞ്ഞു കാരണം അത് തന്റെ മകൾ ഷെറിൻ ആയിരുന്നു.
വിവാഹം കഴിപ്പിച്ചയച്ച തന്റെ മകൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ആ സഹോദരന് സഹോദരിയെ തേടി ഭർത്താവിന്റെ വീട്ടിലേക്ക് എത്തി. അവിടെ ഭർത്താവ് ഷിനോ മാത്യുവിനൊപ്പം കഴിയുന്ന ഷെറിനെ അവൻ തനിച്ചു കണ്ടു. കാര്യം തിരക്കി. ആദ്യം അവൾ അത് എതിർത്തെങ്കിലും പിന്നീട് താൻ അനുഭവിക്കുന്ന കഷ്ടതകൾ അവൾ സഹോദരനോട് തുറന്നു പറഞ്ഞു. “അതെ, ആ വിഡിയോയിൽ ഉള്ളത് ഞാനാണ്, ഷിനോ എന്നെ നിർബന്ധിക്കുകയാണ്. പല ഗ്രൂപ്പുകളിലും എന്നെ കാഴ്ചവയ്ക്കാൻ അയാൾ ശ്രമിക്കുന്നു. ഞാൻ എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി…”
ഇത് കേട്ട ആ സഹോദരന് ആകെ തളർന്നു ഒരുപാട് സന്തോഷത്തോടെ തന്റെ സഹോദരിയെ കൈപിടിച്ചേൽപ്പിച്ചത് ഒരു ക്രൂരനോപ്പം ആണെന്ന് അവൻ തിരിച്ചറിഞ്ഞ നിമിഷം. അവൻ തരിച്ചിരുന്നുപോയി.
ഒടുവിൽ പിതാവിന്റെയും സഹോദരന്റെയും പിന്തുണയോടെ 2022 ജനുവരി 8-ന് ഷെറിൻ കറുകച്ചാൽ പോലീസ് സ്റ്റേഷനിലെത്തി. താൻ അനുഭവിക്കുന്ന എല്ലാ കാര്യങ്ങളും അവൾ തുറന്നു പറഞ്ഞു. അവളുടെ കുറ്റസമ്മതം കേട്ട് പോലീസ് ഉദ്യോഗസ്ഥർ പോലും ഞെട്ടിപ്പോയി.
”സാർ, എന്റെ ഭർത്താവ് ഷിനോ മാത്യു ‘കപ്പിൾ മീറ്റ്’, ‘മീറ്റപ്പ് കേരള’ തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പുകളിൽ സജീവമാണ്. എന്നെ മറ്റു പലർക്കും കൈമാറാൻ അയാൾ നിർബന്ധിക്കുന്നു. എന്നെപ്പോലെ അനേകം സ്ത്രീകൾ ഈ വലയിലുണ്ട്…”
പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. ഷെറിൻ പറഞ്ഞത് സത്യമായിരുന്നു. ആയിരക്കണക്കിന് ദമ്പതികൾ ഉൾപ്പെട്ട വലിയൊരു ശൃംഖലയുടെ ചുരുളുകൾ അഴിഞ്ഞു. ഷിനോ മാത്യു എന്ന മനുഷ്യൻ തന്റെ ഭാര്യയെ ഒരു വലിയ ലൈംഗിക മാഫിയയുടെ ഭാഗമാക്കുകയായിരുന്നു. ടെലിഗ്രാം, വാട്സാപ്പ് ഗ്രൂപ്പുകൾ വഴി ആയിരക്കണക്കിന് ദമ്പതികൾ അംഗങ്ങളായ ഒരു ശൃംഖലയുടെ വിവരങ്ങൾ ഷിനോയുടെ അറസ്റ്റോടെ പുറത്തുവന്നു.
ഷിനോ മാത്യുവിന്റെ ലാപ്ടോപ്പും ഫോണും പരിശോധിച്ചപ്പോൾ കണ്ടത് സ്വന്തം ഭാര്യയുടെയും, അവൾക്ക് പകരം കിട്ടാൻ പോകുന്ന മറ്റ് സ്ത്രീകളുടെയും ചിത്രങ്ങളായിരുന്നു. അന്വേഷണം സംസ്ഥാനം മുഴുവൻ വ്യാപിച്ചു. ഷിനോ മാത്യു ഉൾപ്പെടെ പത്തുപേർ അറസ്റ്റിലായി. കേരളം ഞെട്ടിയ ദിവസങ്ങളായിരുന്നു അത്. കുറച്ചു നാളുകൾക്ക് ശേഷം ഷിനോ മാത്യു ജയിൽ മോചിതനായി.
തിരികെ വന്നത് പകയോടെയല്ല പശ്ചാത്താപത്തോടെയാണ് വന്നതെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു. “എനിക്ക് തെറ്റുപറ്റിപ്പോയി, മക്കൾക്ക് വേണ്ടി നമുക്ക് ഒന്നിച്ച് ജീവിക്കണം” എന്ന് അയാൾ അപേക്ഷിച്ചപ്പോൾ, ആ പിഞ്ചുമക്കളുടെ മുഖം കണ്ട് ഷെറിൻ അയാൾക്ക് ഒരവസരം കൂടി നൽകാൻ തീരുമാനിച്ചു. എന്നാൽ അത് അവൾ സ്വന്തം മരണത്തിന് നൽകിയ അവസരമാണെന്ന് അവൾ അറിഞ്ഞില്ല.
വീണ്ടും ഒന്നിച്ചു താമസിക്കുന്നതിനിടയിലും ഷിനോ തന്റെ പഴയ ശീലങ്ങൾ ഉപേക്ഷിച്ചിരുന്നില്ല എന്ന് ഷെറിൻ തിരിച്ചറിഞ്ഞു. വീണ്ടും തന്നെ വിൽക്കാൻ അയാൾ ശ്രമിക്കുന്നതറിഞ്ഞ അവൾ, മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി. അതോടെ ഷിനോയുടെ ഉള്ളിലെ മൃഗം ഉണർന്നു.
തനിക്ക് വഴങ്ങാത്തവൾ ഈ ഭൂമിയിൽ ജീവിക്കേണ്ടതില്ല എന്ന ക്രൂരമായ ചിന്ത അയാളെ ഭ്രാന്തനാക്കി. 2023 മെയ് 19-ന്, വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കി അയാൾ അവിടെയെത്തി. സ്നേഹത്തോടെ വന്ന് വാതിൽ തുറന്ന ആ പെണ്ണിനെ അയാൾ കൊലപ്പെടുത്തി.
തന്റെ അമ്മ മരിച്ചു കിടക്കുന്നത് കണ്ട് ആ കുഞ്ഞുങ്ങൾ നിലവിളിച്ചു. ആ നിലവിളികൾ ആ പിതാവിന്റെ ഉള്ളിലെ ക്രൂരതയെ തെല്ലും ശമിപ്പിച്ചില്ല. കണ്മുന്നിൽ കരിനിഴലായി വന്ന അച്ഛൻ തങ്ങളുടെ തണലായിരുന്ന അമ്മയെ ഇല്ലാതാക്കുന്നത് ആ കുഞ്ഞുങ്ങൾക്ക് നോക്കിനിൽക്കേണ്ടി വന്നു. കൃത്യം നടത്തി ഷിനോ അവിടെ നിന്നും കടന്നുകളഞ്ഞു. ഷെറിൻ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി.
പോലീസ് തിരച്ചിൽ ഊർജിതമാക്കിയതോടെ ഷിനോ മാത്യു തന്റെ അന്ത്യവും കുറിച്ചു. ഓൺലൈനിലൂടെ വരുത്തിയ മാരകമായ വിഷം കഴിച്ച് അയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ, വിചാരണയും ശിക്ഷയും നേരിടാതെ അയാൾ ഈ ലോകം വിട്ടുപോയി.
ഷിനോയുടെ മരണം ഒരു കേസിന്റെ അന്ത്യമായിരിക്കാം, പക്ഷേ ആ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവിതത്തിൽ അതൊരു വലിയ ശൂന്യതയാണ് അവശേഷിപ്പിച്ചത്. അച്ഛൻ വേട്ടക്കാരനായും അമ്മ ഇരയായും മാറിയ ഈ ദുരന്തകഥ കേരളത്തിന്റെ ചരിത്രത്തിലെ മായാത്ത ഒരു കറുത്ത പാടായി ഇന്നും അവശേഷിക്കുന്നു.
















