പറക്കുന്നെങ്കില്‍ ഇങ്ങനെ പറക്കണം. നിലത്തിറങ്ങാതെ 24 മണിക്കൂറും ആകാശത്ത്. പക്ഷെ, ഒരല്പം ധൈര്യവും, അതിനനുസരിച്ചുള്ള ഇന്ധനവും വേണമെന്നു മാത്രം. അങ്ങനെയൊരു യാത്ര നടത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ കമ്പനിയായ ക്വാണ്ടാസ്. ക്വാണ്ടാസിന്റെ വിമാനം പ്രത്യേക മാറ്റങ്ങള്‍ വരുത്തിയാണ് 24 മണിക്കൂറും സഞ്ചരിക്കാനുള്ള തയ്യാറെടുപ്പു നടത്തിയത്. എയര്‍ബസ് എ 350 ആണ് ചരിത്രത്തിലേക്ക് പറന്നിറങ്ങിയത്. മെല്‍ബണില്‍ നിന്നും ടുളൂസിലേക്കായിരുന്നു ചരിത്രത്തില്‍ ഇടം പിടിച്ച പറക്കല്‍ നടത്തിയത്. ക്വാണ്ടാസ് എയര്‍ലൈനിന്റെ ദീര്‍ഘകാലമായുള്ള പദ്ധതിയാണിത്.
2027ല്‍ ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്തു നിന്ന് ലണ്ടണിലേക്കും ന്യൂയോര്‍ക്കിലേക്കും നോണ്‍സ്റ്റോപ് വിമാന സര്‍വീസ് ആരംഭിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. അതിനായുള്ള പ്രോജക്ട് സണ്‍റൈസ് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഈ യാത്ര.
ജൂലൈ 27ന് മെല്‍ണ്‍ പ്രാദേശിക സമയം വൈകീട്ട് 5.27ന് പുറപ്പെട്ട വിമാനം ടുളൂസിലുള്ള എയര്‍ബസ് ആസ്ഥാനത്ത് ജൂലൈ 28 പ്രാദേശിക സമയം 9.52ന് ലാന്റ് ചെയ്തു. ട്രാക്കിങ് വിവരപ്രകാരം അപ്പോഴേക്കും വിമാനം 24 മണിക്കൂര്‍ 24 മിനിറ്റ് തുടര്‍ച്ചയായി പറന്നിരുന്നു. പസഫിക് സമുദ്രത്തിനു മുകളിലൂടെ, അമേരിക്കയും കാനഡയും കടന്ന് അറ്റ്ലാന്റിക്കിന് കുറുകെ, തെക്കന്‍ ഫ്രാന്‍സില്‍ നിലത്തിറങ്ങുമ്പോഴേക്കും വിമാനം 23,075 കിലോമീറ്റര്‍ താണ്ടുകയും ചെയ്തു. പരിഷ്‌കരിച്ച ഇന്ധന സംവിധാനം, കാബിനിലെ ശബ്ദനില, വായുസഞ്ചാരം തുടങ്ങിയ സംവിധാനങ്ങളെല്ലാം എഞ്ചിനീയര്‍മാര്‍ പുതിയ ദൗത്യത്തില്‍ വിലയിരുത്തി. എട്ട് എയര്‍ബസ് ടെസ്റ്റ് ക്രൂ അംഗങ്ങളും രണ്ട് ക്വാണ്ടാസ് പൈലറ്റുമാരും രണ്ട് എയര്‍ബസ് എഞ്ചിനീയര്‍മാരും അടക്കം പന്ത്രണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഒരാഴ്ച മുന്‍പ് ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളിലൂടെ മെല്‍ബണില്‍ നിന്നും ടുളൂസിലേക്ക് പരീക്ഷണാര്‍ഥം 19 മണിക്കൂര്‍ ഈ വിമാനം പറന്നിരുന്നു. രണ്ട് മാസത്തെ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ജൂണ്‍ മുതല്‍ വിമാനം പരീക്ഷിച്ചു വരികയായിരുന്നു. ദീര്‍ഘദൂര യാത്രകള്‍ക്കായി 20,000 ലിറ്ററിലധികം ഇന്ധനം നിറയ്ക്കാവുന്ന രീതിയില്‍ പ്രത്യേകം രൂപമാറ്റം വരുത്തിയ എയര്‍ബസ് എ 350-1000 യുഎല്‍ആര്‍ (അള്‍ട്രാ ലോങ് റേഞ്ച്) വിമാനമാണ് യാത്രനടത്തിയത്. പസഫിക്ക് സമുദ്രത്തിനു മുകളിലൂടെയുള്ള യാത്രയില്‍ അമേരിക്കയും കാനഡയും താണ്ടി. പിന്നെ അറ്റ്ലാന്റിക്കിനും മുകളിലൂടെ ടുളൂസില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ മൂന്ന് ഭൂഖണ്ഡങ്ങള്‍ കടന്നു. ഒപ്പം രണ്ട് സമുദ്രങ്ങള്‍ താണ്ടി. ഇതിനിടെ രണ്ട് സൂര്യാസ്തമയവും രണ്ട് സൂര്യോദയവും കണ്ടുകൊണ്ടായിരുന്നു യാത്ര ചരിത്രത്തിലേക്ക് പറന്നിറങ്ങിയത്.
2005ല്‍ 22 മണിക്കൂര്‍ 42 മിനുട്ട് സഞ്ചരിച്ച് ഹോങ്കോങില്‍ നിന്നും ലണ്ടനിലേക്ക് പരീക്ഷണാര്‍ഥം പറന്ന ബോയിങ് 777-200 L.R വിമാനത്തിന്റെ റെക്കോര്‍ഡ് ആണ് ഈ യാത്രയിലൂടെ പിന്നിലായത്. ലാന്‍ഡിംഗ് സമയത്ത് ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം ആളുകള്‍ ‘ഫ്ളൈറ്റ് റഡാര്‍ 24’ വെബ്സൈറ്റിലൂടെ വിമാനത്തെ തത്സമയം നിരീക്ഷിക്കാനുണ്ടായിരുന്നു. ഫ്ളൈറ്റ് റഡാര്‍ 24ന്റെ കണക്കനുസരിച്ച് 3.6 മില്ല്യണ്‍ ആളുകള്‍ ട്രാക്ക് ചെയ്ത ഈ യാത്ര ഏറ്റവും കൂടുതല്‍ പേര്‍ ട്രാക്ക് ചെയ്ത രണ്ടാമത്തെ യാത്രയാണ്. എലിസബത്ത് രാജ്ഞിയുടെ ശവമഞ്ചമേറ്റിയ വിമാനമാണ് ഏറ്റവും കൂടൂതല്‍ പേര്‍ ട്രാക്ക് ചെയ്ത ആദ്യ വിമാനം.
പ്രോജക്ട് സണ്‍റൈസിനു വേണ്ടി പന്ത്രണ്ട് എ350-1000 U.L.R വിമാനങ്ങളാണ് ക്വണ്ടാസ് വാങ്ങുന്നത്. A350-1000 വിമാനത്തെക്കാള്‍ കൂടുതല്‍ ഇന്ധനം വഹിക്കാനാകുമെന്നതാണ് ഈ വിമാനത്തിന്റെ പ്രത്യേകത. 20 മണിക്കൂറിലധികം തുടര്‍ച്ചയായി പറക്കാനാകും. ദീര്‍ഘയാത്രകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ പ്രത്യേക വെല്‍നെസ് സോണ്‍, വിശാല കാബിന്‍, മെച്ചപ്പെട്ട വായുസഞ്ചാര സംവിധാനം തുടങ്ങി പല സവിശേഷതകളുമുണ്ട്. ഓരോ വിമാനവും സിഡ്നിയില്‍നിന്ന് ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്ക് 238 യാത്രക്കാരുമായി പറക്കും. കാലാവസ്ഥക്കനുസരിച്ച് 19 മുതല്‍ 21 മണിക്കൂര്‍ വരെ സമയമെടുക്കും. 2027 ഏപ്രില്‍ മുതല്‍ സര്‍വീസ് ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027 ഒക്ടോബര്‍ മുതല്‍ സിഡ്നിയില്‍നിന്നും ലണ്ടണിലേക്ക് ദിവസേനയുള്ള സര്‍വീസും ആരംഭിക്കും. നിലവില്‍ ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍സ്റ്റോപ്പ് വാണിജ്യ വിമാന സര്‍വീസ് സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെ ന്യൂയോര്‍ക്ക്-സിങ്കപ്പൂര്‍ ആണ്. 18 മണിക്കൂര്‍ 40 മിനിറ്റാണ് യാത്രാസമയം.
















