കശ്മീരിലെ പ്രാദേശിക ഭീകരരുടെ എണ്ണം ഒറ്റയക്കത്തിലേക്ക് ചുരുങ്ങിയെന്നും പുതിയ ആളുകൾ ഭീകരവാദത്തിലേക്ക് എത്തുന്നത് ഏതാണ്ട് ഇല്ലാതായതായും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. സൈനികമേധാവി വാർത്താ സമ്മേളനത്തിൽ ആണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
പാക് ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ഇന്ത്യ ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം വെളുപ്പെടുത്തി. 2025-ൽ മാത്രം 31 ഭീകരരെ വധിച്ചിട്ടുണ്ടെന്നും ഇതിൽ 65 ശതമാനവും പാകിസ്താൻ സ്വദേശികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പഹൽഗാം ഭീകരാക്രാമണത്തിൽ പങ്കുള്ള മൂന്ന് ഭീകരരെ ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ചതായും സൈനികമേധാവി വ്യക്തമാക്കി.
അതുപോലെ അതിർത്തിക്കപ്പുറം ഇപ്പോഴും എട്ടോളം ഭീകര പരിശീലന ക്യാമ്പുകൾ സജീവമാണെന്ന് രഹസ്യാന്വേഷണ വിവരങ്ങളുണ്ട്. ഇവയിൽ, രണ്ടെണ്ണം അന്താരാഷ്ട്ര അതിർത്തിക്ക് എതിർവശത്തും ആറെണ്ണം നിയന്ത്രണ രേഖയ്ക്ക് കുറുകെയുമാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്യാമ്പുകളിൽ ചില സാന്നിധ്യവും പരിശീലന പ്രവർത്തനങ്ങളും ഉണ്ടെന്നും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ വീണ്ടും കണ്ടെത്തിയാൽ, ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കൂടാതെ ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും, പാക്കിസ്താൻ ഭാവിയിൽ ഏതെങ്കിലും ആക്രമണത്തിന് ശ്രമിച്ചാൽ അതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
















