തെരുവുനായ നിയന്ത്രണത്തിൽ കടുത്ത നിലപാടുകളുമായി സുപ്രീം കോടതി. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കുട്ടികൾക്കോ വയോധികർക്കോ പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ ഉത്തരവാദിത്തപ്പെട്ട സംസ്ഥാന സർക്കാരുകൾ ഭീമമായ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ്.
കൂടാതെ തെരുവുനായ്ക്കൾക്ക ഭക്ഷണം നല്കുന്നവർക്കെതിരെ സുപ്രീം കോടതി നിലപാട് വ്യക്തമാക്കി. നായ്ക്കൾക്ക് തെരുവിൽ ഭക്ഷണം നൽകുന്നവർക്കും ആക്രമണങ്ങളുടെ കാര്യത്തിൽ ഉത്തരവാദിത്തമുണ്ടെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് വ്യക്തമാക്കി.
അതുപോലെ നായ്ക്കൾക്ക് ഭക്ഷണം നൽകണമെന്ന് ആഗ്രഹമുള്ളവർ അവയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി അത് ചെയ്യണം എന്നും കോടതി നിർദ്ദേശിച്ചു.
തെരുവുനായ്ക്കൾക്ക് തീറ്റ നൽകുന്ന സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള പരാതികൾ കോടതി പരിശോധിക്കാൻ വിസമ്മതിച്ചു. ഇത് ക്രമസമാധാന പ്രശ്നമാണെന്നും താല്പര്യമുള്ളവർക്ക് എഫ്‌ഐആർ ഫയൽ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
തെരുവുനായ്ക്കളെ കൈകാര്യം ചെയ്യുന്നതിൽ നഗരസഭകൾ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങൾ പരാജയപ്പെട്ടതായും കോടതി നിരീക്ഷിച്ചു.
















