64-ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തൃശ്ശൂരിൽ ആവേശകരമായ തുടക്കം. തേക്കിൻകാട് മൈതാനിയിലെ ‘സൂര്യകാന്തി’ എന്ന പ്രധാന വേദിയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന് തിരി തെളിക്കും.
25 വേദികളിലായി നടക്കുന്ന ഈ കൗമാര കലാമേളയിൽ 250 ഇനങ്ങളിലായി പതിനയ്യായിരത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. ജനുവരി 18 വരെ നീളുന്ന ഈ മഹാമേള തൃശ്ശൂരിനെ കലയുടെ ഉത്സവ നഗരിയാക്കി മാറ്റും.
വിവിധ പൂക്കളുടെ പേരുകളാണ് കലോത്സവ വേദികൾക്ക് നൽകിയിരിക്കുന്നത്. വേദികളുടെ പട്ടികയിൽ നിന്ന് ‘താമര’ ഒഴിവാക്കിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിരുന്നുവെങ്കിലും, സർക്കാർ ഇടപെട്ട് 15-ാം നമ്പർ വേദിക്ക് താമര എന്ന് പേര് നൽകി വിവാദങ്ങൾ പരിഹരിച്ചു.
















