രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പ്രതിയായ മൂന്നാം പീഡനക്കേസിൽ, വിദേശത്തുള്ള പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് നീക്കം സജീവമാക്കി. നിലവിൽ വിദേശത്തുള്ള പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വീഡിയോ കോൺഫറൻസിംഗിലൂടെ രേഖപ്പെടുത്താനാണ് എസ്.ഐ.ടി തീരുമാനം.
ഇതിനായി ഹൈക്കോടതിയുടെ അനുമതി തേടാൻ അന്വേഷണ സംഘം തിങ്കളാഴ്ച അപേക്ഷ നൽകും. കഴിഞ്ഞ ദിവസം എസ്.പി പൂങ്കുഴലി പരാതിക്കാരിയുമായി ഫോണിൽ സംസാരിച്ച് വിവരങ്ങൾ തേടിയിരുന്നു. പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്ന് പിടിച്ചെടുത്ത രാഹുലിന്റെ രണ്ട് മൊബൈൽ ഫോണുകളും ശാസ്ത്രീയ സംവിധാനങ്ങൾ ഉപയോഗിച്ച് തുറക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇതുവരെ പാസ്‌വേഡ് നൽകാൻ രാഹുൽ തയ്യാറായിട്ടില്ല. ഫോണിലെ ഡാറ്റകൾ പകർത്തുന്നതിനായി രണ്ട് ടിബി (2 TB) ശേഷിയുള്ള ഹാർഡ് ഡിസ്കുകൾ പൊലീസ് വാങ്ങിയിട്ടുണ്ട്. തനിക്ക് അനുകൂലമായ തെളിവുകൾ ഫോണിലുണ്ടെന്നും അത് പൊലീസ് നശിപ്പിക്കുമെന്നുമാണ് രാഹുലിന്റെ വാദം. അതേസമയം ലാപ്ടോപ്പ് എവിടെയാണെന്ന ചോദ്യത്തോടും രാഹുൽ സഹകരിക്കുന്നില്ല.
അതേസമയം ഇന്ന് രാവിലെ രാഹുലിനെ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു നടപടികൾ. പത്തനംതിട്ട എ.ആർ ക്യാമ്പിൽ നിന്നാണ് രാഹുലിനെ തെളിവെടുപ്പിനായി എത്തിച്ചത്. കസ്റ്റഡിയിൽ തുടരുന്ന രാഹുലിനെ ഇന്നും വിശദമായി ചോദ്യം ചെയ്യും.
















