സിനിമ മേഖലയ്ക്കുവേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും സിനിമയെ കറവപ്പശുവായാണ് കാണുന്നതെന്നും ഉള്ള രൂക്ഷവിമർശനവുമായി നിർമാതാവ് ജി. സുരേഷ് കുമാർ രംഗത്ത്. സിനിമാ സംഘടനകളുടെ പ്രതിനിധികളുടെ വാർത്താസമ്മേളനത്തിലായിരുന്നു സുരേഷ് കുമാർ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.
‘വിനോദ നികുതിയെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് എത്രയോ കാലങ്ങളായി. ഇടയ്ക്ക് നിർത്തലാക്കിയിട്ട് വീണ്ടും കൊണ്ടുവന്നു. സിനിമാ മേഖലയെ കറവപ്പശുവായിട്ടാണ് സർക്കാർ കണക്കാക്കുന്നത്. കിട്ടുന്നതെല്ലാം അങ്ങോട്ട് എടുക്കുന്നു. തിരിച്ചൊന്നും തരുന്നില്ല’- സുരേഷ് കുമാർ കുറ്റപ്പെടുത്തി.
ഓരോ സംസ്ഥാനങ്ങളും കോടിക്കണക്കിന് രൂപയാണ് സബ്‌സിഡി നൽകുന്നത്. ഇവിടെ തരുന്ന അഞ്ചുലക്ഷം രൂപ മൂക്കിൽപ്പൊടി വാങ്ങിക്കാൻ തികയില്ല. എന്തൊരു കഷ്ടമാണെന്ന് ആലോചിച്ചു നോക്കൂ. സിനിമാ ഇൻഡസ്ട്രിക്കുവേണ്ടി കഴിഞ്ഞ പത്തുകൊല്ലം സർക്കാർ ഒരു ചുക്കും ചെയ്തിട്ടില്ല. കോൺക്ലേവ് നടത്തി. എന്തൊക്കെയോ സംഭവിക്കുമെന്ന് ഞങ്ങൾ വിചാരിച്ചു. വെറും കണ്ണിൽപ്പൊടിയിടുന്നതല്ലാതെ വേറൊന്നും നടന്നിട്ടില്ല എന്നും അദ്ദേഹം വിമർശിച്ചു.
















